Posts

എ അയ്യപ്പന്

പ്ലാസ്റ്റിക് കരളുള്ള-
ചെകുത്താൻെറ പ്രളയകാലത്ത്
എന്‍റെ വ്യക്ഷശിഖരങ്ങളിൽ
നൃത്തം ചെയ്യും,
മയിൽ.

ഒറ്റക്കല്ലുള്ള-
തെച്ചിപ്പൂ മൂക്കുത്തിമേൽ
ഒലിച്ചിറങ്ങും
കൃഷ്ണമണീ തൻ
ദു:ഖം.

സക്തമാം നിൻ
രക്തഞരമ്പുകള്‍ ചുരത്തും
പച്ചനദി പോലൊഴുകും
കവിത.

അഞ്ചുഫണത്തിൻെറ-
ദംശനത്താൽ
അമ്പുപോലെ വിടർന്ന ചുണ്ടിൽ
വിശുദ്ധ സ്വർണ്ണജലം.*

തിക്തഗാഥയെഴുതിയ
ചുവപ്പു തല്പത്തിൽ
പുഷ്പപാദങ്ങളാൽ
നടന്നുപോയവൻ.

മജ്ജപൊട്ടിപ്പാടിയ
മേഘമൽഹാറിന്നമ്ല-
വർഷത്തിൽ കുതിർന്ന
ധവളരാത്രികള്‍.

രക്ഷസ്സിൻ
മാംസനിബദ്ധമാം പ്രണയം
അസ്ഥി യിൽ
നീലസർപ്പമായ്...

ഭിക്ഷചോദിച്ചയവസാന
ബുദ്ധൻ.

ഹൃദയത്തിൻ,
ഗർത്തത്തിലൊരു
നക്ഷത്രമുദിക്കുന്നു.


വിശുദ്ധ സ്വര്‍ണ്ണജലം:- മദ്യം

കവിതയുടെ പ്രതികാരം

Image
കവിതയുടെ നെഞ്ചിലാഴ്ത്തിയ
കഠാരയില്‍ നിന്ന്
ചോര പൊടിയുന്നു

ഓരോ കുത്തിലും
ഉയരുന്ന
നിന്‍റെ രോദനം

ഏദനില്‍ നിന്ന് ഭ്രഷ്ടനായ
ജാരനെപ്പോലെ
അവള്‍ തന്ന
ഫലം രുചിച്ചു

രക്തത്തിനും മാംസത്തിനും
കണക്കുചോദിക്കുവാന്‍
നീ വരുമെന്ന്
ആരോ പറഞ്ഞു

വല മൂടിയ ദര്‍പ്പണത്തിലൂടെ
പുകച്ചുരുളായി
നിന്‍റെ മുഖം കാണാം

പുല്‍മേടിന്‍റെ
ഈ ശൃംഗത്തിൽ
ഞാനൊറ്റക്ക്

രാപ്പകലുകളുടെ മദ്ധ്യയാമങ്ങളിൽ
നിലംതോടാത്ത പാദങ്ങളിൽ
നീ വരും

ഒരു മഞ്ഞുമഴുകൊണ്ട്
എന്‍റെ കണ്ഠം ഛേദിക്കുംരക്തം
താഴ്വാരങ്ങളിലേക്കൊഴുകും.


ചിത്രങ്ങള്‍: ഗൂഗിള്‍

മിന്നുകെട്ടാത്തവള്‍

Image
അസ്ഥിയിലിഴയുന്നു നാഗിനി
അവളെന്‍റെ-
രക്തസ്ഥലികളില്‍ ചുംബിച്ചു

പച്ചിലക്കയ്യുകള്‍ നീട്ടുന്നു
തരൂ നിന്‍റെ-
നക്ഷത്രക്കണ്ണിലെ നീരാവി

നിദ്രയില്‍ നീലക്കുറിഞ്ഞി ഞാന്‍ തേടുന്നു
ഒറ്റക്കുയിലിന്‍റെ പാട്ടു ഞാന്‍ കേള്‍ക്കുന്നു
മജ്ജയില്‍ മഷിത്തണ്ടുനിറച്ചുനിന്‍
മുജ്ജന്മദാഹം തീര്‍ക്കുവാനെത്തുന്നു

ഉത്സവച്ചീവിടെവിടെച്ചിലക്കുന്നു
പുസ്തകത്താളില്‍ മുത്തും മയില്‍‌പ്പീലി
ഉപ്പുമണക്കുന്ന കണ്ണുനീരായിരം
ചിപ്പിക്കുള്ളിലൊളിച്ചു വയ്ക്കുന്നു

കല്ലില്‍ച്ചാലിച്ച കാട്ടുവിഷം
വില്ലില്‍ കുലച്ചെയ്യുന്നു
ചില്ലുപൊട്ടിച്ചിരിക്കുമ്പോഴൊക്കെയും
പുല്ലാംകുഴലിന്‍റെ സംഗീതം

ചക്രവാളത്തിലെന്‍ ചാകരക്കണ്ണുകള്‍
മത്സ്യരാജ്യത്തിന്‍ കൊടിമരം കാണുന്നു
അര്‍ദ്ധരാത്രിയിലേതോ നിലാവിന്‍റെ
കച്ചയഴിച്ചിവന്‍ കെട്ടുന്നു

വാരിയെടുത്ത വളപ്പൊട്ടുകളില്‍ നിന്‍റെ
ചോരയിറ്റുന്ന കൈപ്പടം കാണുന്നു
കാലില്‍ ശലഭച്ചിലമ്പു കെട്ടിയ
നീലിയെന്നെ വിളിച്ചുയര്‍ത്തുന്നു

ഏറുമാടംകെട്ടിഞാനുറങ്ങുമ്പോള്‍
ഏതുപെണ്ണിന്‍റെ തേങ്ങല്‍ മുഴങ്ങുന്നു
ഏഴു മുളങ്കാടുകള്‍ മൂളട്ടെ
ഏകാന്തനാമെന്‍റെ സീല്‍ക്കാരം

മഞ്ഞുവീഴുന്ന മാറത്ത് മഴവില്ലിന്‍-
ചില്ലയിലൊരു കിളി പാടുന്നു

എന്നും ഞാന്‍ സമുദ്രജലശയ്യമേല്‍
മി…

പ്രളയമഴ

Image
കൂര്‍ത്ത ചില്ലുകള്‍
നെഞ്ചിലാഴ്ത്തും പോല്‍
നിന്‍റെയാരവം

നീയിന്ന്
സംഗീതമല്ല

മണ്ണില്‍ മുടിയഴിച്ചിട്ട
ജലരക്ഷസ്സ്

നിനക്കായവര്‍
സ്തുതിച്ച ഗീതങ്ങള്‍
ഞാന്‍ തിരസ്ക്കരിക്കും

മലവെള്ളത്തിലൂടെ
ഒരു മകന്‍
ഒലിച്ചുപോകുന്നു

പുഴയൊഴുക്കില്‍
അവന്‍റെ കരച്ചില്‍ കേള്‍ക്കാം

ഋതുവില്‍ മറഞ്ഞ്
അദൃശ്യയായ് നീ
നഖങ്ങളാഴ്ത്തുന്നു

ലെന്‍സിന്‍റെ
ഇടനാഴിയില്‍ വച്ച്
എന്‍റെ ചിത്രം
മങ്ങിപ്പോകുന്നു

ഉരുള്‍പൊട്ടലില്‍ വീണ്
ചിതറിപ്പോയ
നി ല വി ളി

ധവളാഭമായ
ഒരു ഫണം
ഭൂമിയെ മൂടുന്നു

ഇത്
അതിവൃഷ്ടിയുടെ കാലം

അവന്‍റെ പേടകത്തില്‍*
പക്ഷികളും മൃഗങ്ങളുമില്ല

വംശഛേദം വരും
മനുഷ്യന്‍ മാത്രം.


കുറിപ്പ്:-
മഴയെ സ്തുതിപ്പവരേ
മഴ,
ഒരുനാള്‍
പ്രളയമായ് വരും.

*നോഹയുടെ പേടകം
ചിത്രങ്ങള്‍:- ഗൂഗിള്‍

കവിതയുടെ ഇടവഴി

Image
കവിതയില്ലാതെ ഞാനെങ്ങനെ
എന്‍റെ ഹൃദയം തുറക്കും
നിന്നോട് പറയാന്‍
എളുതല്ലാത്ത കാര്യം
പറഞ്ഞു വയ്ക്കും.

കറുത്ത ആകാശത്തില്‍
കൊറ്റികള്‍ പറക്കുന്നത്,
സമുദ്രത്തിന്‍റെ
അഗാധനീലിമ,
ഇരുട്ടിന്‍റെ
ആഴം.

നിന്‍റെ മൌനം
ഒരു സ്ഫടികം പോലെ
എന്‍റെ കവിതയില്‍
വീണുടയുന്നു
ഒരു ഇളംകാറ്റായ് വന്ന്
മെഴുതിരിയെ ചുംബിക്കുന്നു.

എല്ലാ ഋതുക്കളുടെയും
ഹൃദയത്തില്‍
കണ്ണുനീരിന്‍റെ
ഒരിടവഴിയുണ്ട്
കവിതയുടെ
ഈ വഴിയിലൂടെയാണ്
ഞാന്‍ നിന്നിലെത്തുന്നത്.

ചിത്രങ്ങള്‍: ഗൂഗിള്‍

ഓര്‍മ്മ

Image
ഒരു ദിവസത്തെ
ഒസ്യത്തെയുള്ളൂ
ഓര്‍മ്മകള്‍ക്ക്

അകാലത്തില്‍
മഴയില്‍ക്കുരുത്ത
ഈയാംപാറ്റകളെപ്പോലെ

നീ
സാത്താന്‍റെ മാലാഖ
അവന്‍റെ വിരലില്‍ നിന്ന്
ഒരായിരം ചിറകുമായ്
പറന്നുവന്നവള്‍

മുറികളില്‍
പ്രകാശത്തിന്‍റെ ശീതളഛായിൽ
ചിറകുകളുടെ തൽപ്പമൊരുക്കി
മരിച്ചുവീഴുന്നു

നിനക്കെന്നും
കന്നിമണ്ണിന്‍റെ ഗന്ധം
ചിലപ്പോഴത്
ഗന്ധകത്തിന്‍റെ തന്നെ
മണമാകും

പ്രഭാതത്തിൽ
നിഷ്ഫലജന്മത്തിന് സമ്മാനമായ്‌
മുറിയാകെ 
നിന്‍റെയുടലുകൾ

എങ്കിലും,
ഈ വേനലിലും-

ഒറ്റനാളിന്‍റെ ഒസ്യത്തുമായ്
നീ വരുമെന്ന്,

സ്മൃതികൾ
ഒടുങ്ങും വരെ-
മണ്ണടരുകളില്‍ നിന്ന്
വീണ്ടും വീണ്ടും
പുനര്‍ജ്ജനിക്കുമെന്ന്,

ഞാന്‍ സ്വപ്നം കാണുന്നു.

ചിത്രങ്ങള്‍: ഗൂഗിള്‍മുത്ത്‌

Image
പേടമാനിന്‍റെ ഇറച്ചിക്ക്
പ്രണയത്തിന്‍റെ രുചി

മേഘത്തിന്‍റെ നിറമായിരുന്നു
നിനക്ക്

ഭൂമിയിലെ
ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ
എന്‍റെ സ്വപ്നം

ഓരോ ശരത്തുമ്പിലും
ഇറ്റുവീഴുന്ന
മേഘരക്തം

നിന്‍റെ നക്ഷത്രക്കണ്ണുകള്‍
എനിക്കുന്നം

നഷ്ടബോധത്തിന്‍റെ
നിലാവില്‍ നിന്ന്
മൃതിയുടെ
താഴ്വാരങ്ങളിലേക്ക്
ഇറങ്ങിവന്നവന്‍ ഞാന്‍

കാടിന്‍റെ നിലവിളി
എനിക്കു ഹരം

വേടന്‍റെ വിശപ്പിന്
മാനിന്‍റെ വേഗത

എല്ലാ ഋതുക്കളും
നീയായിരുന്നു

വരുംകാലത്തിന്‍റെ വിരഹവും
സമുദ്രത്തിന്‍റെ വിഹ്വലതയും
നീയായിരുന്നു

പാലപ്പൂവിന്‍റെ മണവും
പര്‍ദ്ദയുടെ സുതാര്യതയും
നീയായിരുന്നു

കവിത
യക്ഷിയുടെ രൂപമായ്‌
നിന്നില്‍ വസിച്ചു

ആയിരം മാനിനെ
വേട്ടയാടിയപ്പോഴും
അതിലേറ്റം സ്വാദ്
നിനക്കായിരുന്നു

ദാഹത്തിന്‍റെ ചോരക്ക്
വാക്കിനാല്‍ പ്രായശ്ചിത്തം

നീയെന്‍റെ മുജ്ജന്മത്തിലെ
മുത്ത്‌.


ചിത്രങ്ങള്‍:ഗൂഗിള്‍