Posts

Showing posts from July, 2015

ഈസ്റ്റര്‍

Image
ഒളിയമ്പുകളില്‍ നിന്നാണ് ഞാന്‍ ഒളിച്ചോടിയത് ശത്രുപാളയങ്ങളിൽ പുതിയ യുദ്ധമുറകൾ ചെമ്മരിയാടിന്‍റെ തോലുപുതച്ചവര്‍ ചെന്നായ്ക്കള്‍ ചരമഗീതങ്ങല്‍ക്കുമേല്‍ ഒരു ചുകപ്പു നക്ഷത്രം. ഇത് കുമ്പസാരകാലം എന്‍റെ ആറാംതിരുമുറിവിലാണവര്‍ കുന്തം താഴ്ത്തിയത് മുള്‍ക്കിരീടവും മുറിവുകളും എനിക്കു തന്നേ. ഇതാ- വിശപ്പിന് ഒരപ്പം ദാഹത്തിന് ഒരുകുമ്പിള്‍ കണ്ണുനീര്‍ യാചനക്ക് ഒരക്ഷരം. ഓര്‍ക്കുക മൂന്നാം നാള്‍ മനുഷ്യപുത്രന്‍-മനുഷ്യപുത്രന്‍ എന്നവര്‍ വിളിച്ചുപറയും കല്ലുമൂടിയ ഹൃദയങ്ങള്‍ക്കു പിന്നില്‍ ഒരിക്കല്‍ക്കൂടി ഞാന്‍ ഉയര്‍ത്തെഴുന്നേൽക്കും വിശുദ്ധന്‍റെ ചോരയിലൂടെ വസൂരിയുടെ സ്വപ്നങ്ങളില്‍ വീണ്ടും ഒരു വസന്തം വരും. കുറിപ്പ്:- Praise the Lord ചിത്രങ്ങള്‍:- ഗൂഗിള്‍

രണ്ടാംപിറ

വാക്കുകളരിഞ്ഞു ഞാന്‍ വീഴ്ത്തുമ്പോള്‍ വാളിന്‍റെ വായ്ത്തലയിലെന്‍റെ രക്തം. കാലമേ, പ്രേമത്തിന്‍ പെരുമ്പറകൊട്ടിയീ പ്രേതാലയത്തിന്‍റെ മുന്നില്‍ നില്‍ക്കും ഞാന്‍. യാമിനീ യൗവ്വനതൃഷ്ണയലിന്നലെ, നിൻ നീലനിറം കുടിച്ചുവറ്റിച്ചു ഞാൻ ഗാനപ്രവാഹത്തിൻ ചുഴികളിൽ ഗന്ധർവ്വമോഹം നുരഞ്ഞുപൊന്തുന്നു. (ശാപം പുരണ്ടോരീയശ്രുമുഖം സൂതപുത്രന്‍ ഞാന്‍ കാഴ്ചവയ്ക്കുന്നു ഞാണുമറന്നയെനിക്കു വീണ്ടും മൃതിനീലം നിറച്ചയസ്ത്രദാനം.) നീ വന്നൂ നിലാവിന്‍റെ കാലൊച്ചയില്‍ നിന്നും നീറിപ്പുണരും നിഴലുകളായ് ഭ്രാന്തിന്‍റെ ഭാരം ചുമക്കും തലച്ചോറി- ലാളിപ്പടരും കാട്ടുതീ പോല്‍. പാതകത്തിന്‍റെ പാതയോരങ്ങളില്‍ ഫണം ചീറ്റിയാടുന്നയീ ചിന്തകള്‍ നോക്കുകുത്തിയായ് നിറുത്തുന്നു നിനക്കെന്‍റെ- നോവിലുയര്‍ത്തുന്നു സ്മാരകം. ജാലകമിഴികളില്‍ താഴിടാം നിന്‍ ഛായയിലൂറി പുനര്‍ജ്ജനിക്കാം ചോലമരത്തിന്‍റെ കടയില്‍ നിന്നും കടും ചോര പോടിയുന്നുവോ ? സ്വസ്തി !

ദയാവധം

                         1. യാത്രചോദിച്ചു ഞാന്‍ നില്‍ക്കുമ്പോള്‍,സഖീ മാത്രതോറും നീയരിച്ചിറങ്ങുന്നു ചാട്ടവാറിനാല്‍ പൊള്ളുന്ന യൌവ്വനം ചീട്ടുകൊട്ടാരമാകുന്നു ജീവിതം.  ഈറ്റവെട്ടുവാനൊറ്റക്കു പോകുമ്പോള്‍ കൂറ്റനൊരൊറ്റയാൻ കാവൽനിൽക്കുന്നു മാപ്പുചോദിപ്പൂ മറക്കുവാൻ മാത്രമായ് ദ്വീപിലൊറ്റക്കു കണ്ടുമുട്ടിയോർ നാം. പ്രേതവാക്കുകളുരച്ചു കത്തിക്കുക ശാപദൂതിന്‍റെ വില്ലുകുലക്കുക വീണ്ടും വിഷംമോന്തി വിയര്‍ക്കുന്നൊരെന്‍ നീലസ്വപ്നങ്ങള്‍ക്കു തീ കൊളുത്തുക. ചാരത്തില്‍ നിന്നുയിര്‍ക്കും ഫിനിക്സ്-                    പക്ഷി ഞാന്‍ ദൂരെയെന്‍ ചിറകടി കേള്‍ക്കാം നിനക്കിനി.                          2. അസ്ഥിയില്‍ നിന്നൊരായുധം നിനക്കിതാ അഗ്നിയില്‍ നീറ്റുന്നു സ്വീകരിക്കൂ നീയറിയുവാന്‍ കാമിനീയിന്നും ജീവരക്തമീത്താളില്‍പ്പടര്‍ത്തുന്നു. കണ്ണീരിനാല്‍ കഴുകിയ കവിത കണ്ഠമിടറിച്ചൊല്ലുന്നു പെണ്ണിന് ചില്ലുപാത്രം ചുണ്ടില്‍ത്തൊടും മുന്‍പ് തല്ലിത്തകര്‍ന്നു താഴെ വീണു. എന്‍റെ സിരകളില്‍ പൂക്കുന്നു വീണ്ടും നിന്‍റെ ദാഹത്തിന്നഞ്ചിന്ദ്രിയങ്ങള്‍.                          3. ഒന്നുമാത്രമെന്നന്ത

തമ്പ്

തമ്പിത്, തനിയെ തീവളയത്തി- ലൊരമ്പതു വട്ടം ചാടി മരിക്കണം. തമ്പ്രാന്‍ ചാട്ടവീശിയെണ്ണുമ്പോൾ ചന്ദ്രിക പോലെ മഥിക്കുന്നു തീമുഖം. യൗവ്വനം, യയാതീ നിനക്കിതാ നൽകുന്നു പകരം ജന്മസംവത്സരങ്ങൾ തൻ ജരയും ശാപവും. പെണ്ണും പ്രണയവും പണയമായേൽക്കുക വാടക ചന്തയിലിന്നെന്നെ വിലപേശണം. കുമ്പസാരക്കൂട്ടിൽ നിൽക്കുമ്പോൾ കൂട്ടരേ, കല്ലെറിയുക, പിന്നെ കൂകി വിളിക്കുക. വയ്യിനി, എവിടെയെൻ ചണ്ഡാലന്‍? ചുടലച്ചന്ദനഗന്ധമുയിര്‍ക്കുന്നുവോ! ചെന്നായ്ക്കളാലവനെത്തും യമധര്‍മ്മന്‍, ചെമന്നചുംബനം പോലെ ജ്വലിക്കുന്ന കണ്ണുമായ് കയ്യിലെ തലയോടില്‍ നിന്നും ശവങ്ങള്‍ തന്‍ കണ്ണീര്‍ജലം തരൂ ഞാന്‍ നിന്‍റെ കാവല്‍ക്കാരന്‍. നെഞ്ചിലെയവസാന കഞ്ചുകം വിറ്റവര്‍- ക്കിന്നലെ മാംസവുംരക്തവും നല്‍കി ഞാന്‍ അങ്ങു ദൂരെയൊരനാഥപുത്രനെ നഞ്ചു തീണ്ടിയ തേങ്ങൽ മുഴങ്ങിയോ! കുറിപ്പ്: രാജ ഹരിച്ഛന്ദ്രനെ ഓര്‍ത്തെഴുതിയത്               എന്നാല്‍ ഞാന്‍ ഹരിച്ഛന്ദ്രനല്ല.

അമ്മ

അറിവിന്നാദിയുമന്തവുമാര്? അകതാരില്‍ ശൈശവസ്മൃതികളേ വന്നാലും. കറുകത്തലപ്പില്‍ നിന്നുയിര്‍ക്കുന്നിതാ അമൃതവര്‍ഷിണിയാകുമെന്നമ്മ. ദുരിതജീവിതജ്വരബാധകളിലെന്നെ ഗരുഡഗര്‍ഭത്തിലെത്ര ചുമന്നെന്‍റെ സിരകളില്‍ കരുണയും പ്രാണനും നിറച്ചയാ- ധനിക ദിനങ്ങളെയമ്മേ നമിപ്പൂ ഞാന്‍.

ബലിദിനം

അറവുശാലയില്‍ നിന്നും അര്‍ദ്ധപ്രാണവിലാപം. മുറിവുങ്ങാത്ത മറവിയിലൂടിന്നു പറവകളായിരം ചിറകടിച്ചെത്തുന്നു കരളിലൊടുങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍ തിരയടിക്കുന്നു. സമയബദ്ധിതം, സഭയിലെത്രപേര്‍ ശപിച്ചുകൊണ്ടെന്‍റെയിറച്ചി തിന്നുന്നു! സഹനസാന്ദ്രം പകര്‍ന്നുഞാനേകിയ ലഹരിയൂറും രക്തം രുചിക്കുന്നു! ചിതയിലുയര്‍ന്നയെന്‍ തിരുവചസ്സില്‍ ചിരിച്ചുകൊണ്ടാരു വിഷം തളിക്കുന്നു!

കാറ്റിന്‍റെ സംഗീതം

ഒരു മുളന്തണ്ടിലായ് വനരോദനം മുഴുവനും ചാലിച്ചു പാടാമിനി നിറയെ കരികൊണ്ടെഴുതിയ സ്വപ്നം കരളില്‍ നിന്നിതാ പറന്നുയര്‍ന്നു. ലിഖിതങ്ങളില്ലാത്ത ലീലാവിഹാരം വിരഹലാസ്യലവണപ്രവാഹം ക്ഷണികേ വെള്ളിച്ചിലമ്പുലയുംപോലെ തവ ഗാന്ധര്‍വത്തിന്‍ മധു നിറക്കൂ. കരിനീലജാലക മറയില്‍നിന്നും ഘനമേഘനാദം മുഴങ്ങിടുന്നു മരതകച്ചാറുമണക്കുമിന്ദ്രിയ- ത്തൊടികളിലൂറ്റുനിറഞ്ഞിടുന്നു. വിടചൊല്ലുവാനിനി വെറും മാത്രകള്‍ ഇലയില്‍ മഞ്ഞു കരയുന്ന രാത്രി കരടായി വന്നവള്‍ കത്തി നില്‍ക്കുന്നു ഉലയില്‍ വെന്തു വിയര്‍ക്കുന്നു രക്തം. നുരയുന്നു രവപാനവാദ്യങ്ങളില്‍ തുകലുകളില്‍ നഖവിരലുകള്‍ സദയം സാന്ദ്രനിമിഷങ്ങളലിയും നിലയങ്ങളില്‍ ലയനഗ്രഹണം. ഒടുവിലീയോടക്കുഴലിന്‍റെ ലാവ- യുരുകിപ്പടരും സിരാതടത്തില്‍ വിഫലം വിഷാദവിരുന്നൊരുക്കുന്നു മധുരസംഗീതബധിരസ്വരം. മധുരസംഗീതബധിരസ്വരം. കുറിപ്പ്:- പുല്ലാങ്കുഴല്‍ മീട്ടിയ ബധിര ഗായകനോട് കടപ്പാട്.

വേട്ടയുടെ ചരിത്രം

ഒടുവില്‍ വേട്ട കഴിഞ്ഞു അത്താഴമേശയില്‍ വെടിയിറച്ചിയും വീഞ്ഞും ഞാന്‍ സ്വപ്നം കണ്ടിരുന്നു മരിച്ച മൃഗത്തിന്‍റെ ഗന്ധം മദംപുരണ്ട വിശപ്പും അറവുകാരന്‍റെ സുഖവും എനിക്കു തന്നു രാത്രിയില്‍ രക്തസാക്ഷിയുടെ ദഹനശേഷം ബലിയുടെ ദു:ഖം മറന്ന് തുകല്‍, ഒരു വീരസ്മരണയാക്കി ഞാന്‍ ചുവരില്‍ തറച്ചു നഖങ്ങളും പല്ലുകളും കണ്ഠാഭരണമാക്കുകയും അസ്ഥികള്‍ ചെത്തി മിനുക്കി ആയുധങ്ങളാക്കുകയും ചെയ്തു. പുതിയൊരു വേട്ടയുടെ ചരിത്രം ഇവിടെ- ആരംഭിക്കുന്നു.

പ്രണയപൂര്‍വ്വം

പോയജന്മദുരന്തങ്ങളത്രയും ദൂതുമായ്‌ മുട്ടിവിളിച്ചിടും സഖീ ചോരതുപ്പിക്കിതക്കുമെന്‍ തന്ത്രിയില്‍ ജീവനാദമായ്‌ നീയുണരും വരെ. തീപിടിച്ച തീര്‍ഥയാത്രയാണിത്‌ ദൂരമേറെത്താണ്ടിയൊടുക്കവേ വീഥിതോറും വീണ ഞെരിഞ്ഞിലിന്‍ ദേവതല്പ്പത്തില്‍ പാദസ്പര്‍ശനം. ബോധമുടയുന്നു ഗാനശാലയില്‍ മേഘരാഗപ്രവാഹസങ്കീര്‍ത്തനം ശാഖയുലയുന്നു ഖേദരാത്രിതന്‍ ദീര്‍ഘനിശ്വാസമാം ദലമര്‍മ്മരം. ഗ്രീഷ്മകാലത്തിന്‍ വിഷാദസീമയില്‍ ദാഹജലസ്മരണയെനിക്കു നീ ചുവരിലെഴുതും നഗ്നപടത്തില്‍ പുരളാതെപോയ രതിയാണു നീ. കാറ്റുവീശിച്ചിതറും തിരകളില്‍ ഒരാര്‍പ്പുവിളിയായ് മുഴങ്ങുന്നു ഞാന്‍ നീരൊഴുക്കിനുമപ്പുറം മാതള- ദ്വീപിലിരിക്കുന്നു നീലിച്ചവള്‍ നീ.

പക്ഷി

ചിതറിയ ചിന്തകള്‍ ചിലക്കുന്ന കൂട്ടില്‍ നിന്ന് ഒരു പക്ഷി പറക്കുന്നു. ആകാശത്തിലെ കാട്ടുതീയില്‍പ്പെട്ട് അത് കത്തി മരിക്കുന്നു. അതിന്‍റെ പക്ഷങ്ങളും പാട്ടുകളും ആകാശത്തിന്‍റെ നിറമായി. അതിന്‍റെ ആത്മാവിന്‍റെ പിടച്ചില്‍ എന്‍റെ ഹൃദയത്തില്‍ തറച്ച മുള്ളാണിയായി. എനിക്കറിയാം എന്‍റെ ഹൃദയത്തിലെ ഓരോ ആണിയും ഓരോ പക്ഷിയുടെ... ആത്മനൊമ്പരങ്ങളെന്ന്.

ഇരയുടെ ഇന്റര്‍നെറ്റ്

ആകാശത്തിലെ വർണ്ണമുത്തുകൾ കോർത്ത മാറാലയിൽ ഒരെട്ടുകാലി ഇരകാക്കുന്നു. വെളിച്ചത്തിന്‍റെ വീഥിയില്‍ മുത്തുകളുടെ വര്‍ണ്ണപ്രഭാവത്തില്‍ ഭ്രമിച്ചു കുരുങ്ങിയ ഒരിര. എട്ടുകാലിയുടെ സാന്നിദ്ധ്യമറിയാതെ ഒരുപക്ഷെ അതൊരു മുത്തിന്‍റെ മാന്ത്രിക ലഹരിയില്‍ മതിമറക്കുന്നുന്നുണ്ടാവും. എന്നാല്‍ പെട്ടെന്ന് ശത്രുവിന്‍റെ ആക്രമണത്തിലിഴപൊട്ടി ഓരോ മുത്തും ഓരോ തുള്ളി ര ക്ത മാ യ്... ഭൂമിയുടെ സാന്ദ്രമായ തലത്തില്‍ എന്‍റെ ഹൃദയത്തിലേക്ക് കൊഴിഞ്ഞു വീഴുന്നു. എട്ടുകാലി ഇരയെ ഭക്ഷിക്കുന്നുണ്ടാകും.

ശവംനാറിപ്പൂവിന് ഒരു ശവക്കുറിപ്പ്

യൂക്കാലിപ്റ്റസിന്‍റെ വേരുകളായി നീയെന്‍റെ ജലാംശം നഷ്ടപ്പെടുത്തി. നിന്‍റെ കണ്ണുകള്‍ കാമദേവന്‍റെ കള്ളപ്പൂക്കള്‍ തിരുകിയ രണ്ട് ശരങ്ങളായും ചുണ്ടുകള്‍ വിദേശവീഞ്ഞുപാത്രത്തിന്‍റെ നനഞ്ഞ വക്കായും കാര്‍കൂന്തല്‍ കാറ്റത്ത് കത്തിയണഞ്ഞ കറുത്ത ലാവയായും എനിക്കു തോന്നി. പിന്നെ ഇന്നു രാത്രി നിന്‍റെ വിഷം ചേര്‍ത്ത പാനീയം എനിക്കു വേണ്ട. നീ ശ്മശാനത്തിൽ ശയിക്കും ശവംനാറിപ്പൂ. ഞാനോ മരുഭൂവിൽ മരിക്കും കള്ളിച്ചെടി.