Posts

എ അയ്യപ്പന്

പ്ലാസ്റ്റിക് കരളുള്ള- ചെകുത്താൻെറ പ്രളയകാലത്ത് എന്‍റെ വ്യക്ഷശിഖരങ്ങളിൽ നൃത്തം ചെയ്യും, മയിൽ. ഒറ്റക്കല്ലുള്ള- തെച്ചിപ്പൂ മൂക്കുത്തിമേൽ ഒലിച്ചിറങ്ങും കൃഷ്ണമണീ തൻ ദു:ഖം. സക്തമാം നിൻ രക്തഞരമ്പുകള്‍ ചുരത്തും പച്ചനദി പോലൊഴുകും കവിത. അഞ്ചുഫണത്തിൻെറ- ദംശനത്താൽ അമ്പുപോലെ വിടർന്ന ചുണ്ടിൽ വിശുദ്ധ സ്വർണ്ണജലം.* തിക്തഗാഥയെഴുതിയ ചുവപ്പു തല്പത്തിൽ പുഷ്പപാദങ്ങളാൽ നടന്നുപോയവൻ. മജ്ജപൊട്ടിപ്പാടിയ മേഘമൽഹാറിന്നമ്ല- വർഷത്തിൽ കുതിർന്ന ധവളരാത്രികള്‍. രക്ഷസ്സിൻ മാംസനിബദ്ധമാം പ്രണയം അസ്ഥി യിൽ നീലസർപ്പമായ്... ഭിക്ഷചോദിച്ചയവസാന ബുദ്ധൻ. ഹൃദയത്തിൻ, ഗർത്തത്തിലൊരു നക്ഷത്രമുദിക്കുന്നു. വിശുദ്ധ സ്വര്‍ണ്ണജലം:- മദ്യം

കവിതയുടെ പ്രതികാരം

Image
കവിതയുടെ നെഞ്ചിലാഴ്ത്തിയ കഠാരയില്‍ നിന്ന് ചോര പൊടിയുന്നു ഓരോ കുത്തിലും ഉയരുന്ന നിന്‍റെ രോദനം ഏദനില്‍ നിന്ന് ഭ്രഷ്ടനായ ജാരനെപ്പോലെ അവള്‍ തന്ന ഫലം രുചിച്ചു രക്തത്തിനും മാംസത്തിനും കണക്കുചോദിക്കുവാന്‍ നീ വരുമെന്ന് ആരോ പറഞ്ഞു വല മൂടിയ ദര്‍പ്പണത്തിലൂടെ പുകച്ചുരുളായി നിന്‍റെ മുഖം കാണാം പുല്‍മേടിന്‍റെ ഈ ശൃംഗത്തിൽ ഞാനൊറ്റക്ക് രാപ്പകലുകളുടെ മദ്ധ്യയാമങ്ങളിൽ നിലംതോടാത്ത പാദങ്ങളിൽ നീ വരും ഒരു മഞ്ഞുമഴുകൊണ്ട് എന്‍റെ കണ്ഠം ഛേദിക്കും രക്തം താഴ്വാരങ്ങളിലേക്കൊഴുകും. ചിത്രങ്ങള്‍: ഗൂഗിള്‍

മിന്നുകെട്ടാത്തവള്‍

Image
അസ്ഥിയിലിഴയുന്നു നാഗിനി അവളെന്‍റെ- രക്തസ്ഥലികളില്‍ ചുംബിച്ചു പച്ചിലക്കയ്യുകള്‍ നീട്ടുന്നു തരൂ നിന്‍റെ- നക്ഷത്രക്കണ്ണിലെ നീരാവി നിദ്രയില്‍ നീലക്കുറിഞ്ഞി ഞാന്‍ തേടുന്നു ഒറ്റക്കുയിലിന്‍റെ പാട്ടു ഞാന്‍ കേള്‍ക്കുന്നു മജ്ജയില്‍ മഷിത്തണ്ടുനിറച്ചുനിന്‍ മുജ്ജന്മദാഹം തീര്‍ക്കുവാനെത്തുന്നു ഉത്സവച്ചീവിടെവിടെച്ചിലക്കുന്നു പുസ്തകത്താളില്‍ മുത്തും മയില്‍‌പ്പീലി ഉപ്പുമണക്കുന്ന കണ്ണുനീരായിരം ചിപ്പിക്കുള്ളിലൊളിച്ചു വയ്ക്കുന്നു കല്ലില്‍ച്ചാലിച്ച കാട്ടുവിഷം വില്ലില്‍ കുലച്ചെയ്യുന്നു ചില്ലുപൊട്ടിച്ചിരിക്കുമ്പോഴൊക്കെയും പുല്ലാംകുഴലിന്‍റെ സംഗീതം ചക്രവാളത്തിലെന്‍ ചാകരക്കണ്ണുകള്‍ മത്സ്യരാജ്യത്തിന്‍ കൊടിമരം കാണുന്നു അര്‍ദ്ധരാത്രിയിലേതോ നിലാവിന്‍റെ കച്ചയഴിച്ചിവന്‍ കെട്ടുന്നു വാരിയെടുത്ത വളപ്പൊട്ടുകളില്‍ നിന്‍റെ ചോരയിറ്റുന്ന കൈപ്പടം കാണുന്നു കാലില്‍ ശലഭച്ചിലമ്പു കെട്ടിയ നീലിയെന്നെ വിളിച്ചുയര്‍ത്തുന്നു ഏറുമാടംകെട്ടിഞാനുറങ്ങുമ്പോള്‍ ഏതുപെണ്ണിന്‍റെ തേങ്ങല്‍ മുഴങ്ങുന്നു ഏഴു മുളങ്കാടുകള്‍ മൂളട്ടെ ഏകാന്തനാമെന്‍റെ സീല്‍ക്കാരം മഞ്ഞുവീഴുന്ന മാറത്ത് മഴവില്ലിന്‍- ചില്ലയിലൊരു ക...

പ്രളയമഴ

Image
കൂര്‍ത്ത ചില്ലുകള്‍ നെഞ്ചിലാഴ്ത്തും പോല്‍ നിന്‍റെയാരവം നീയിന്ന് സംഗീതമല്ല മണ്ണില്‍ മുടിയഴിച്ചിട്ട ജലരക്ഷസ്സ് നിനക്കായവര്‍ സ്തുതിച്ച ഗീതങ്ങള്‍ ഞാന്‍ തിരസ്ക്കരിക്കും മലവെള്ളത്തിലൂടെ ഒരു മകന്‍ ഒലിച്ചുപോകുന്നു പുഴയൊഴുക്കില്‍ അവന്‍റെ കരച്ചില്‍ കേള്‍ക്കാം ഋതുവില്‍ മറഞ്ഞ് അദൃശ്യയായ് നീ നഖങ്ങളാഴ്ത്തുന്നു ലെന്‍സിന്‍റെ ഇടനാഴിയില്‍ വച്ച് എന്‍റെ ചിത്രം മങ്ങിപ്പോകുന്നു ഉരുള്‍പൊട്ടലില്‍ വീണ് ചിതറിപ്പോയ നി ല വി ളി ധവളാഭമായ ഒരു ഫണം ഭൂമിയെ മൂടുന്നു ഇത് അതിവൃഷ്ടിയുടെ കാലം അവന്‍റെ പേടകത്തില്‍* പക്ഷികളും മൃഗങ്ങളുമില്ല വംശഛേദം വരും മനുഷ്യന്‍ മാത്രം. കുറിപ്പ്:- മഴയെ സ്തുതിപ്പവരേ മഴ, ഒരുനാള്‍ പ്രളയമായ് വരും. *നോഹയുടെ പേടകം ചിത്രങ്ങള്‍:- ഗൂഗിള്‍

കവിതയുടെ ഇടവഴി

Image
കവിതയില്ലാതെ ഞാനെങ്ങനെ എന്‍റെ ഹൃദയം തുറക്കും നിന്നോട് പറയാന്‍ എളുതല്ലാത്ത കാര്യം പറഞ്ഞു വയ്ക്കും. കറുത്ത ആകാശത്തില്‍ കൊറ്റികള്‍ പറക്കുന്നത്, സമുദ്രത്തിന്‍റെ അഗാധനീലിമ, ഇരുട്ടിന്‍റെ ആഴം. നിന്‍റെ മൌനം ഒരു സ്ഫടികം പോലെ എന്‍റെ കവിതയില്‍ വീണുടയുന്നു ഒരു ഇളംകാറ്റായ് വന്ന് മെഴുതിരിയെ ചുംബിക്കുന്നു. എല്ലാ ഋതുക്കളുടെയും ഹൃദയത്തില്‍ കണ്ണുനീരിന്‍റെ ഒരിടവഴിയുണ്ട് കവിതയുടെ ഈ വഴിയിലൂടെയാണ് ഞാന്‍ നിന്നിലെത്തുന്നത്. ചിത്രങ്ങള്‍: ഗൂഗിള്‍

ഓര്‍മ്മ

Image
ഒരു ദിവസത്തെ ഒസ്യത്തെയുള്ളൂ ഓര്‍മ്മകള്‍ക്ക് അകാലത്തില്‍ മഴയില്‍ക്കുരുത്ത ഈയാംപാറ്റകളെപ്പോലെ നീ സാത്താന്‍റെ മാലാഖ അവന്‍റെ വിരലില്‍ നിന്ന് ഒരായിരം ചിറകുമായ് പറന്നുവന്നവള്‍ മുറികളില്‍ പ്രകാശത്തിന്‍റെ ശീതളഛായിൽ ചിറകുകളുടെ തൽപ്പമൊരുക്കി മരിച്ചുവീഴുന്നു നിനക്കെന്നും കന്നിമണ്ണിന്‍റെ ഗന്ധം ചിലപ്പോഴത് ഗന്ധകത്തിന്‍റെ തന്നെ മണമാകും പ്രഭാതത്തിൽ നിഷ്ഫലജന്മത്തിന് സമ്മാനമായ്‌ മുറിയാകെ  നിന്‍റെയുടലുകൾ എങ്കിലും, ഈ വേനലിലും- ഒറ്റനാളിന്‍റെ ഒസ്യത്തുമായ് നീ വരുമെന്ന്, സ്മൃതികൾ ഒടുങ്ങും വരെ- മണ്ണടരുകളില്‍ നിന്ന് വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കുമെന്ന്, ഞാന്‍ സ്വപ്നം കാണുന്നു. ചിത്രങ്ങള്‍: ഗൂഗിള്‍

മുത്ത്‌

Image
പേടമാനിന്‍റെ ഇറച്ചിക്ക് പ്രണയത്തിന്‍റെ രുചി മേഘത്തിന്‍റെ നിറമായിരുന്നു നിനക്ക് ഭൂമിയിലെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ എന്‍റെ സ്വപ്നം ഓരോ ശരത്തുമ്പിലും ഇറ്റുവീഴുന്ന മേഘരക്തം നിന്‍റെ നക്ഷത്രക്കണ്ണുകള്‍ എനിക്കുന്നം നഷ്ടബോധത്തിന്‍റെ നിലാവില്‍ നിന്ന് മൃതിയുടെ താഴ്വാരങ്ങളിലേക്ക് ഇറങ്ങിവന്നവന്‍ ഞാന്‍ കാടിന്‍റെ നിലവിളി എനിക്കു ഹരം വേടന്‍റെ വിശപ്പിന് മാനിന്‍റെ വേഗത എല്ലാ ഋതുക്കളും നീയായിരുന്നു വരുംകാലത്തിന്‍റെ വിരഹവും സമുദ്രത്തിന്‍റെ വിഹ്വലതയും നീയായിരുന്നു പാലപ്പൂവിന്‍റെ മണവും പര്‍ദ്ദയുടെ സുതാര്യതയും നീയായിരുന്നു കവിത യക്ഷിയുടെ രൂപമായ്‌ നിന്നില്‍ വസിച്ചു ആയിരം മാനിനെ വേട്ടയാടിയപ്പോഴും അതിലേറ്റം സ്വാദ് നിനക്കായിരുന്നു ദാഹത്തിന്‍റെ ചോരക്ക് വാക്കിനാല്‍ പ്രായശ്ചിത്തം നീയെന്‍റെ മുജ്ജന്മത്തിലെ മുത്ത്‌. ചിത്രങ്ങള്‍:ഗൂഗിള്‍

യക്ഷിക്ക്

Image
രക്തം ചര്‍ദ്ദിച്ച ഭൂമി രക്ഷസ് നിനക്കൊരു നക്ഷത്രരാത്രി തുപ്പലിന്‍ ചുവപ്പുതല്‍പ്പത്തില്‍ ചവിട്ടിയെത്തുക അസ്ഥിയില്‍പൂത്ത ചുണ്ണാമ്പെടുക്കുക നഗ്നം നാരായം ഒറ്റിന്‍റെ മന്ത്രം അറ്റ വിരലിനാല്‍ തെച്ചിപ്പൂവ് എത്ര കരുണം നിലാവില്‍ നിന്‍ ദ്രംഷ്ട്ര!     ശപ്തം സുന്ദരം മേഘവസ്ത്രം അര്‍ദ്ധരാത്രി! ആരുടെ നീലക്കൊലുസിന്‍റെ ശബ്ദം? യക്ഷീ ത്രിലോകസുന്ദരീ നീലീ നിശാചാരിണീ കണ്‍ഠത്തിൽ ഗാന- ചെന്തീക്കനൽ ഒറ്റ ചുംബനം നെറ്റിയിൽ ഒരിക്കലും പച്ചിരുമ്പിനാൽ പച്ചയെത്തൊടില്ല ഞാന്‍.

രാത്രി

Image
നക്ഷത്രങ്ങളുടെ രാജകുമാരാ നീയെന്തിന് ഭൂമിയില്‍ മുജ്ജന്മശാപത്താല്‍ വന്നു അസ്ത്രത്താല്‍ മുറിഞ്ഞ കൃഷ്ണമണിയില്‍ നിന്ന് രത്നരക്താഭമാം കവിത ശത്രുക്കള്‍ ചുറ്റും എവിടെയെന്‍ അനശ്വര സത്രം നക്ഷത്രനീല- സ്വപ്നസാന്ദ്രമാം മിഴികളില്‍ പ്രണയസമുദ്രം നിറച്ച കാമുകി വീര്യം നിറച്ച അമൃതാം വിഷദ്രവം നിറങ്ങള്‍ പ്രപഞ്ചമാകെപ്പടര്‍ന്നപോല്‍ തുളുമ്പും ആകാശം ഒമര്‍ഖയ്യാമിന്‍റെ ജന്മനക്ഷത്രം എന്നെ മാത്രം സ്നേഹിച്ച നര്‍ത്തകി രാത്രി. കുറിപ്പ്: ഒരു ഗസല്‍ ലഹരിയില്‍ എഴുതിയത്. ചിത്രങ്ങള്‍:-ഗൂഗിള്‍

പെണ്‍തണല്‍

Image
ഒരു കാലം നീയായിരുന്നു എന്‍റെ തണല്‍മരം. നിന്‍റെ കൈഞരമ്പുകള്‍ ഇലകളിലെ പച്ചവരകള്‍ പോലെ. നിന്‍റെ ശിഖരങ്ങളില്‍ പക്ഷികള്‍ പാടുമ്പോള്‍ എനിക്കുമേല്‍ പുഷ്പവൃഷ്ടി. നട്ടുച്ചകളിലെ ആലസ്യങ്ങളില്‍ നീ പ്രാണവായുവിന്‍റെ കൂടാരം. സന്ധ്യകളില്‍ നിന്‍റെ നെറുകയില്‍ അസ്തമയസൂര്യന്‍ ഒരു പൊട്ടായ്... ഒരു രാത്രി യക്ഷിപ്പാലയായ് പൂത്ത് നീ മുടിയഴിച്ചു നിന്നു. രക്തം മുഴുവന്‍ വാര്‍ന്നുപോയ സ്വപ്നത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ എല്ലാ ഋതുക്കളിലും നീയെരിഞ്ഞു. ഇന്നും ഈ ചൂണ്ടുവിരലിലെ ചുണ്ണാമ്പുലാവക്കു പകരം നിന്‍റെ പാലപ്പൂഗന്ധം. ചിത്രങ്ങള്‍:- ഗൂഗിള്‍  

ഏഴു ചുവട്

Image
ഏഴു ചുവട് ഇടത്തേ നെഞ്ചിന്‍റെ മിടിപ്പില്‍ ഒരെട്ടടിവീരന്‍റെ ദംശനം* രക്തത്തില്‍ നീലം ദുര്‍മന്ത്രവാദത്തിന്‍റെ ഒറ്റ് അവധൂതന്‍റെ പുലമ്പല്‍ കവിതക്കു മുന്‍പ് മേഘത്തിന്‍റെ കറുത്ത പ്രാര്‍ത്ഥന അസ്ഥികളുടെ ഏകാന്തധ്യാനം എട്ടാം വരവില്‍ എനിക്കു മരണം. കുറിപ്പ്:- എട്ടടിവീരന്‍* ഉഗ്രവിഷമുള്ള ഒരിനം പാമ്പ്. കടിച്ചാല്‍ എട്ടാം ചുവടില്‍ ചാകുമെന്നു പ്രമാണം. ചിത്രങ്ങള്‍:- ഗൂഗിള്‍

അസുരഗീതം

Image
നിശ്ചലം ജലഛായാപടം കണ്ണുകൾ ഗദ്ഗദഗാനം ചിലമ്പുന്ന ചുണ്ടുകൾ അസ്തപ്രജ്ഞയിൽ ജ്വലിക്കും തിരുവുടൽ അർദ്ധനഗ്നയാണു നീ അസുരപുത്രി. മുരുക്കിന്‍പൂവിതള്‍ നിന്‍ മുക്കുത്തി പരുത്തിപ്പട്ടിത് പുടവത്തുണി കവുങ്ങിന്‍പൂക്കുലത്തിറ മണക്കുന്നു കറുത്തകവി ഞാന്‍ കരുത്തു നല്‍കുന്നു. കലമാന്‍കൊമ്പിനാല്‍ കണ്ണിണ ചുംബിക്കാം കഴുത്തില്‍ കരിനാഗത്താലി ചാര്‍ത്താം ഉലയില്‍പ്പഴുക്കും സ്വര്‍ണ്ണത്തകിടു ഞാന്‍ ഉയിരുപെണ്ണിന് പകുത്തെടുക്കുന്നു. ജടയിലുദിക്കുന്നൊരു ചന്ദ്രക്കല ജലധാരയാകുന്നു നീ രജസ്വല മിഴികളില്‍ കത്തുന്ന ചെരാതുകള്‍ നാം നിഴലുകളായിനി പുനര്‍ജ്ജനിക്കും. സിരകളില്‍ സ്നേഹബലിയാണു വീണ്ടും ഹരിതപത്രത്തില്‍ രക്തം കുതിരുന്നു തളികയില്‍ ദാഹപ്പൊലി നിറക്കുമ്പോള്‍ കുളിരില്‍ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്നു. മകുടിയില്‍ നിന്നൊരു മഞ്ഞള്‍ക്കളം കൃഷ്ണമണിയില്‍ നിന്നൊരു നീലഫണം പകരൂ നീ പ്രേമം നഗ്നനിശീഥിനീ മുടിയഴിച്ചെന്‍റെയീ മുന്നിലാടൂ. പനിനീരുപാത്രം ശിരസ്സില്‍ കമഴ്ത്തൂ നെറുകയില്‍ നീറും കളഭം വരക്കൂ തുകല്‍വാദ്യങ്ങളില്‍ വിരലുണരുന്നു മഴയായി ഞാനിതാ പെയ്തിറങ്ങുന്നു. കലികാലത്തിന്‍റെ സ്മരണയില്‍ നിന്നും ഘനമേഘമായിന്നു...

ഈസ്റ്റര്‍

Image
ഒളിയമ്പുകളില്‍ നിന്നാണ് ഞാന്‍ ഒളിച്ചോടിയത് ശത്രുപാളയങ്ങളിൽ പുതിയ യുദ്ധമുറകൾ ചെമ്മരിയാടിന്‍റെ തോലുപുതച്ചവര്‍ ചെന്നായ്ക്കള്‍ ചരമഗീതങ്ങല്‍ക്കുമേല്‍ ഒരു ചുകപ്പു നക്ഷത്രം. ഇത് കുമ്പസാരകാലം എന്‍റെ ആറാംതിരുമുറിവിലാണവര്‍ കുന്തം താഴ്ത്തിയത് മുള്‍ക്കിരീടവും മുറിവുകളും എനിക്കു തന്നേ. ഇതാ- വിശപ്പിന് ഒരപ്പം ദാഹത്തിന് ഒരുകുമ്പിള്‍ കണ്ണുനീര്‍ യാചനക്ക് ഒരക്ഷരം. ഓര്‍ക്കുക മൂന്നാം നാള്‍ മനുഷ്യപുത്രന്‍-മനുഷ്യപുത്രന്‍ എന്നവര്‍ വിളിച്ചുപറയും കല്ലുമൂടിയ ഹൃദയങ്ങള്‍ക്കു പിന്നില്‍ ഒരിക്കല്‍ക്കൂടി ഞാന്‍ ഉയര്‍ത്തെഴുന്നേൽക്കും വിശുദ്ധന്‍റെ ചോരയിലൂടെ വസൂരിയുടെ സ്വപ്നങ്ങളില്‍ വീണ്ടും ഒരു വസന്തം വരും. കുറിപ്പ്:- Praise the Lord ചിത്രങ്ങള്‍:- ഗൂഗിള്‍

രണ്ടാംപിറ

വാക്കുകളരിഞ്ഞു ഞാന്‍ വീഴ്ത്തുമ്പോള്‍ വാളിന്‍റെ വായ്ത്തലയിലെന്‍റെ രക്തം. കാലമേ, പ്രേമത്തിന്‍ പെരുമ്പറകൊട്ടിയീ പ്രേതാലയത്തിന്‍റെ മുന്നില്‍ നില്‍ക്കും ഞാന്‍. യാമിനീ യൗവ്വനതൃഷ്ണയലിന്നലെ, നിൻ നീലനിറം കുടിച്ചുവറ്റിച്ചു ഞാൻ ഗാനപ്രവാഹത്തിൻ ചുഴികളിൽ ഗന്ധർവ്വമോഹം നുരഞ്ഞുപൊന്തുന്നു. (ശാപം പുരണ്ടോരീയശ്രുമുഖം സൂതപുത്രന്‍ ഞാന്‍ കാഴ്ചവയ്ക്കുന്നു ഞാണുമറന്നയെനിക്കു വീണ്ടും മൃതിനീലം നിറച്ചയസ്ത്രദാനം.) നീ വന്നൂ നിലാവിന്‍റെ കാലൊച്ചയില്‍ നിന്നും നീറിപ്പുണരും നിഴലുകളായ് ഭ്രാന്തിന്‍റെ ഭാരം ചുമക്കും തലച്ചോറി- ലാളിപ്പടരും കാട്ടുതീ പോല്‍. പാതകത്തിന്‍റെ പാതയോരങ്ങളില്‍ ഫണം ചീറ്റിയാടുന്നയീ ചിന്തകള്‍ നോക്കുകുത്തിയായ് നിറുത്തുന്നു നിനക്കെന്‍റെ- നോവിലുയര്‍ത്തുന്നു സ്മാരകം. ജാലകമിഴികളില്‍ താഴിടാം നിന്‍ ഛായയിലൂറി പുനര്‍ജ്ജനിക്കാം ചോലമരത്തിന്‍റെ കടയില്‍ നിന്നും കടും ചോര പോടിയുന്നുവോ ? സ്വസ്തി !

ദയാവധം

                         1. യാത്രചോദിച്ചു ഞാന്‍ നില്‍ക്കുമ്പോള്‍,സഖീ മാത്രതോറും നീയരിച്ചിറങ്ങുന്നു ചാട്ടവാറിനാല്‍ പൊള്ളുന്ന യൌവ്വനം ചീട്ടുകൊട്ടാരമാകുന്നു ജീവിതം.  ഈറ്റവെട്ടുവാനൊറ്റക്കു പോകുമ്പോള്‍ കൂറ്റനൊരൊറ്റയാൻ കാവൽനിൽക്കുന്നു മാപ്പുചോദിപ്പൂ മറക്കുവാൻ മാത്രമായ് ദ്വീപിലൊറ്റക്കു കണ്ടുമുട്ടിയോർ നാം. പ്രേതവാക്കുകളുരച്ചു കത്തിക്കുക ശാപദൂതിന്‍റെ വില്ലുകുലക്കുക വീണ്ടും വിഷംമോന്തി വിയര്‍ക്കുന്നൊരെന്‍ നീലസ്വപ്നങ്ങള്‍ക്കു തീ കൊളുത്തുക. ചാരത്തില്‍ നിന്നുയിര്‍ക്കും ഫിനിക്സ്-                    പക്ഷി ഞാന്‍ ദൂരെയെന്‍ ചിറകടി കേള്‍ക്കാം നിനക്കിനി.                          2. അസ്ഥിയില്‍ നിന്നൊരായുധം നിനക്കിതാ അഗ്നിയില്‍ നീറ്റുന്നു സ്വ...

തമ്പ്

തമ്പിത്, തനിയെ തീവളയത്തി- ലൊരമ്പതു വട്ടം ചാടി മരിക്കണം. തമ്പ്രാന്‍ ചാട്ടവീശിയെണ്ണുമ്പോൾ ചന്ദ്രിക പോലെ മഥിക്കുന്നു തീമുഖം. യൗവ്വനം, യയാതീ നിനക്കിതാ നൽകുന്നു പകരം ജന്മസംവത്സരങ്ങൾ തൻ ജരയും ശാപവും. പെണ്ണും പ്രണയവും പണയമായേൽക്കുക വാടക ചന്തയിലിന്നെന്നെ വിലപേശണം. കുമ്പസാരക്കൂട്ടിൽ നിൽക്കുമ്പോൾ കൂട്ടരേ, കല്ലെറിയുക, പിന്നെ കൂകി വിളിക്കുക. വയ്യിനി, എവിടെയെൻ ചണ്ഡാലന്‍? ചുടലച്ചന്ദനഗന്ധമുയിര്‍ക്കുന്നുവോ! ചെന്നായ്ക്കളാലവനെത്തും യമധര്‍മ്മന്‍, ചെമന്നചുംബനം പോലെ ജ്വലിക്കുന്ന കണ്ണുമായ് കയ്യിലെ തലയോടില്‍ നിന്നും ശവങ്ങള്‍ തന്‍ കണ്ണീര്‍ജലം തരൂ ഞാന്‍ നിന്‍റെ കാവല്‍ക്കാരന്‍. നെഞ്ചിലെയവസാന കഞ്ചുകം വിറ്റവര്‍- ക്കിന്നലെ മാംസവുംരക്തവും നല്‍കി ഞാന്‍ അങ്ങു ദൂരെയൊരനാഥപുത്രനെ നഞ്ചു തീണ്ടിയ തേങ്ങൽ മുഴങ്ങിയോ! കുറിപ്പ്: രാജ ഹരിച്ഛന്ദ്രനെ ഓര്‍ത്തെഴുതിയത്               എന്നാല്‍ ഞാന്‍ ഹരിച്ഛന്ദ്രനല്ല.

അമ്മ

അറിവിന്നാദിയുമന്തവുമാര്? അകതാരില്‍ ശൈശവസ്മൃതികളേ വന്നാലും. കറുകത്തലപ്പില്‍ നിന്നുയിര്‍ക്കുന്നിതാ അമൃതവര്‍ഷിണിയാകുമെന്നമ്മ. ദുരിതജീവിതജ്വരബാധകളിലെന്നെ ഗരുഡഗര്‍ഭത്തിലെത്ര ചുമന്നെന്‍റെ സിരകളില്‍ കരുണയും പ്രാണനും നിറച്ചയാ- ധനിക ദിനങ്ങളെയമ്മേ നമിപ്പൂ ഞാന്‍.

ബലിദിനം

അറവുശാലയില്‍ നിന്നും അര്‍ദ്ധപ്രാണവിലാപം. മുറിവുങ്ങാത്ത മറവിയിലൂടിന്നു പറവകളായിരം ചിറകടിച്ചെത്തുന്നു കരളിലൊടുങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍ തിരയടിക്കുന്നു. സമയബദ്ധിതം, സഭയിലെത്രപേര്‍ ശപിച്ചുകൊണ്ടെന്‍റെയിറച്ചി തിന്നുന്നു! സഹനസാന്ദ്രം പകര്‍ന്നുഞാനേകിയ ലഹരിയൂറും രക്തം രുചിക്കുന്നു! ചിതയിലുയര്‍ന്നയെന്‍ തിരുവചസ്സില്‍ ചിരിച്ചുകൊണ്ടാരു വിഷം തളിക്കുന്നു!

കാറ്റിന്‍റെ സംഗീതം

ഒരു മുളന്തണ്ടിലായ് വനരോദനം മുഴുവനും ചാലിച്ചു പാടാമിനി നിറയെ കരികൊണ്ടെഴുതിയ സ്വപ്നം കരളില്‍ നിന്നിതാ പറന്നുയര്‍ന്നു. ലിഖിതങ്ങളില്ലാത്ത ലീലാവിഹാരം വിരഹലാസ്യലവണപ്രവാഹം ക്ഷണികേ വെള്ളിച്ചിലമ്പുലയുംപോലെ തവ ഗാന്ധര്‍വത്തിന്‍ മധു നിറക്കൂ. കരിനീലജാലക മറയില്‍നിന്നും ഘനമേഘനാദം മുഴങ്ങിടുന്നു മരതകച്ചാറുമണക്കുമിന്ദ്രിയ- ത്തൊടികളിലൂറ്റുനിറഞ്ഞിടുന്നു. വിടചൊല്ലുവാനിനി വെറും മാത്രകള്‍ ഇലയില്‍ മഞ്ഞു കരയുന്ന രാത്രി കരടായി വന്നവള്‍ കത്തി നില്‍ക്കുന്നു ഉലയില്‍ വെന്തു വിയര്‍ക്കുന്നു രക്തം. നുരയുന്നു രവപാനവാദ്യങ്ങളില്‍ തുകലുകളില്‍ നഖവിരലുകള്‍ സദയം സാന്ദ്രനിമിഷങ്ങളലിയും നിലയങ്ങളില്‍ ലയനഗ്രഹണം. ഒടുവിലീയോടക്കുഴലിന്‍റെ ലാവ- യുരുകിപ്പടരും സിരാതടത്തില്‍ വിഫലം വിഷാദവിരുന്നൊരുക്കുന്നു മധുരസംഗീതബധിരസ്വരം. മധുരസംഗീതബധിരസ്വരം. കുറിപ്പ്:- പുല്ലാങ്കുഴല്‍ മീട്ടിയ ബധിര ഗായകനോട് കടപ്പാട്.

വേട്ടയുടെ ചരിത്രം

ഒടുവില്‍ വേട്ട കഴിഞ്ഞു അത്താഴമേശയില്‍ വെടിയിറച്ചിയും വീഞ്ഞും ഞാന്‍ സ്വപ്നം കണ്ടിരുന്നു മരിച്ച മൃഗത്തിന്‍റെ ഗന്ധം മദംപുരണ്ട വിശപ്പും അറവുകാരന്‍റെ സുഖവും എനിക്കു തന്നു രാത്രിയില്‍ രക്തസാക്ഷിയുടെ ദഹനശേഷം ബലിയുടെ ദു:ഖം മറന്ന് തുകല്‍, ഒരു വീരസ്മരണയാക്കി ഞാന്‍ ചുവരില്‍ തറച്ചു നഖങ്ങളും പല്ലുകളും കണ്ഠാഭരണമാക്കുകയും അസ്ഥികള്‍ ചെത്തി മിനുക്കി ആയുധങ്ങളാക്കുകയും ചെയ്തു. പുതിയൊരു വേട്ടയുടെ ചരിത്രം ഇവിടെ- ആരംഭിക്കുന്നു.