Posts

യക്ഷിക്ക്

Image
രക്തം ചര്‍ദ്ദിച്ച ഭൂമി രക്ഷസ് നിനക്കൊരു നക്ഷത്രരാത്രി തുപ്പലിന്‍ ചുവപ്പുതല്‍പ്പത്തില്‍ ചവിട്ടിയെത്തുക അസ്ഥിയില്‍പൂത്ത ചുണ്ണാമ്പെടുക്കുക നഗ്നം നാരായം ഒറ്റിന്‍റെ മന്ത്രം അറ്റ വിരലിനാല്‍ തെച്ചിപ്പൂവ് എത്ര കരുണം നിലാവില്‍ നിന്‍ ദ്രംഷ്ട്ര!     ശപ്തം സുന്ദരം മേഘവസ്ത്രം അര്‍ദ്ധരാത്രി! ആരുടെ നീലക്കൊലുസിന്‍റെ ശബ്ദം? യക്ഷീ ത്രിലോകസുന്ദരീ നീലീ നിശാചാരിണീ കണ്‍ഠത്തിൽ ഗാന- ചെന്തീക്കനൽ ഒറ്റ ചുംബനം നെറ്റിയിൽ ഒരിക്കലും പച്ചിരുമ്പിനാൽ പച്ചയെത്തൊടില്ല ഞാന്‍.

രാത്രി

Image
നക്ഷത്രങ്ങളുടെ രാജകുമാരാ നീയെന്തിന് ഭൂമിയില്‍ മുജ്ജന്മശാപത്താല്‍ വന്നു അസ്ത്രത്താല്‍ മുറിഞ്ഞ കൃഷ്ണമണിയില്‍ നിന്ന് രത്നരക്താഭമാം കവിത ശത്രുക്കള്‍ ചുറ്റും എവിടെയെന്‍ അനശ്വര സത്രം നക്ഷത്രനീല- സ്വപ്നസാന്ദ്രമാം മിഴികളില്‍ പ്രണയസമുദ്രം നിറച്ച കാമുകി വീര്യം നിറച്ച അമൃതാം വിഷദ്രവം നിറങ്ങള്‍ പ്രപഞ്ചമാകെപ്പടര്‍ന്നപോല്‍ തുളുമ്പും ആകാശം ഒമര്‍ഖയ്യാമിന്‍റെ ജന്മനക്ഷത്രം എന്നെ മാത്രം സ്നേഹിച്ച നര്‍ത്തകി രാത്രി. കുറിപ്പ്: ഒരു ഗസല്‍ ലഹരിയില്‍ എഴുതിയത്. ചിത്രങ്ങള്‍:-ഗൂഗിള്‍

പെണ്‍തണല്‍

Image
ഒരു കാലം നീയായിരുന്നു എന്‍റെ തണല്‍മരം. നിന്‍റെ കൈഞരമ്പുകള്‍ ഇലകളിലെ പച്ചവരകള്‍ പോലെ. നിന്‍റെ ശിഖരങ്ങളില്‍ പക്ഷികള്‍ പാടുമ്പോള്‍ എനിക്കുമേല്‍ പുഷ്പവൃഷ്ടി. നട്ടുച്ചകളിലെ ആലസ്യങ്ങളില്‍ നീ പ്രാണവായുവിന്‍റെ കൂടാരം. സന്ധ്യകളില്‍ നിന്‍റെ നെറുകയില്‍ അസ്തമയസൂര്യന്‍ ഒരു പൊട്ടായ്... ഒരു രാത്രി യക്ഷിപ്പാലയായ് പൂത്ത് നീ മുടിയഴിച്ചു നിന്നു. രക്തം മുഴുവന്‍ വാര്‍ന്നുപോയ സ്വപ്നത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ എല്ലാ ഋതുക്കളിലും നീയെരിഞ്ഞു. ഇന്നും ഈ ചൂണ്ടുവിരലിലെ ചുണ്ണാമ്പുലാവക്കു പകരം നിന്‍റെ പാലപ്പൂഗന്ധം. ചിത്രങ്ങള്‍:- ഗൂഗിള്‍  

ഏഴു ചുവട്

Image
ഏഴു ചുവട് ഇടത്തേ നെഞ്ചിന്‍റെ മിടിപ്പില്‍ ഒരെട്ടടിവീരന്‍റെ ദംശനം* രക്തത്തില്‍ നീലം ദുര്‍മന്ത്രവാദത്തിന്‍റെ ഒറ്റ് അവധൂതന്‍റെ പുലമ്പല്‍ കവിതക്കു മുന്‍പ് മേഘത്തിന്‍റെ കറുത്ത പ്രാര്‍ത്ഥന അസ്ഥികളുടെ ഏകാന്തധ്യാനം എട്ടാം വരവില്‍ എനിക്കു മരണം. കുറിപ്പ്:- എട്ടടിവീരന്‍* ഉഗ്രവിഷമുള്ള ഒരിനം പാമ്പ്. കടിച്ചാല്‍ എട്ടാം ചുവടില്‍ ചാകുമെന്നു പ്രമാണം. ചിത്രങ്ങള്‍:- ഗൂഗിള്‍

അസുരഗീതം

Image
നിശ്ചലം ജലഛായാപടം കണ്ണുകൾ ഗദ്ഗദഗാനം ചിലമ്പുന്ന ചുണ്ടുകൾ അസ്തപ്രജ്ഞയിൽ ജ്വലിക്കും തിരുവുടൽ അർദ്ധനഗ്നയാണു നീ അസുരപുത്രി. മുരുക്കിന്‍പൂവിതള്‍ നിന്‍ മുക്കുത്തി പരുത്തിപ്പട്ടിത് പുടവത്തുണി കവുങ്ങിന്‍പൂക്കുലത്തിറ മണക്കുന്നു കറുത്തകവി ഞാന്‍ കരുത്തു നല്‍കുന്നു. കലമാന്‍കൊമ്പിനാല്‍ കണ്ണിണ ചുംബിക്കാം കഴുത്തില്‍ കരിനാഗത്താലി ചാര്‍ത്താം ഉലയില്‍പ്പഴുക്കും സ്വര്‍ണ്ണത്തകിടു ഞാന്‍ ഉയിരുപെണ്ണിന് പകുത്തെടുക്കുന്നു. ജടയിലുദിക്കുന്നൊരു ചന്ദ്രക്കല ജലധാരയാകുന്നു നീ രജസ്വല മിഴികളില്‍ കത്തുന്ന ചെരാതുകള്‍ നാം നിഴലുകളായിനി പുനര്‍ജ്ജനിക്കും. സിരകളില്‍ സ്നേഹബലിയാണു വീണ്ടും ഹരിതപത്രത്തില്‍ രക്തം കുതിരുന്നു തളികയില്‍ ദാഹപ്പൊലി നിറക്കുമ്പോള്‍ കുളിരില്‍ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്നു. മകുടിയില്‍ നിന്നൊരു മഞ്ഞള്‍ക്കളം കൃഷ്ണമണിയില്‍ നിന്നൊരു നീലഫണം പകരൂ നീ പ്രേമം നഗ്നനിശീഥിനീ മുടിയഴിച്ചെന്‍റെയീ മുന്നിലാടൂ. പനിനീരുപാത്രം ശിരസ്സില്‍ കമഴ്ത്തൂ നെറുകയില്‍ നീറും കളഭം വരക്കൂ തുകല്‍വാദ്യങ്ങളില്‍ വിരലുണരുന്നു മഴയായി ഞാനിതാ പെയ്തിറങ്ങുന്നു. കലികാലത്തിന്‍റെ സ്മരണയില്‍ നിന്നും ഘനമേഘമായിന്നു...

ഈസ്റ്റര്‍

Image
ഒളിയമ്പുകളില്‍ നിന്നാണ് ഞാന്‍ ഒളിച്ചോടിയത് ശത്രുപാളയങ്ങളിൽ പുതിയ യുദ്ധമുറകൾ ചെമ്മരിയാടിന്‍റെ തോലുപുതച്ചവര്‍ ചെന്നായ്ക്കള്‍ ചരമഗീതങ്ങല്‍ക്കുമേല്‍ ഒരു ചുകപ്പു നക്ഷത്രം. ഇത് കുമ്പസാരകാലം എന്‍റെ ആറാംതിരുമുറിവിലാണവര്‍ കുന്തം താഴ്ത്തിയത് മുള്‍ക്കിരീടവും മുറിവുകളും എനിക്കു തന്നേ. ഇതാ- വിശപ്പിന് ഒരപ്പം ദാഹത്തിന് ഒരുകുമ്പിള്‍ കണ്ണുനീര്‍ യാചനക്ക് ഒരക്ഷരം. ഓര്‍ക്കുക മൂന്നാം നാള്‍ മനുഷ്യപുത്രന്‍-മനുഷ്യപുത്രന്‍ എന്നവര്‍ വിളിച്ചുപറയും കല്ലുമൂടിയ ഹൃദയങ്ങള്‍ക്കു പിന്നില്‍ ഒരിക്കല്‍ക്കൂടി ഞാന്‍ ഉയര്‍ത്തെഴുന്നേൽക്കും വിശുദ്ധന്‍റെ ചോരയിലൂടെ വസൂരിയുടെ സ്വപ്നങ്ങളില്‍ വീണ്ടും ഒരു വസന്തം വരും. കുറിപ്പ്:- Praise the Lord ചിത്രങ്ങള്‍:- ഗൂഗിള്‍

രണ്ടാംപിറ

വാക്കുകളരിഞ്ഞു ഞാന്‍ വീഴ്ത്തുമ്പോള്‍ വാളിന്‍റെ വായ്ത്തലയിലെന്‍റെ രക്തം. കാലമേ, പ്രേമത്തിന്‍ പെരുമ്പറകൊട്ടിയീ പ്രേതാലയത്തിന്‍റെ മുന്നില്‍ നില്‍ക്കും ഞാന്‍. യാമിനീ യൗവ്വനതൃഷ്ണയലിന്നലെ, നിൻ നീലനിറം കുടിച്ചുവറ്റിച്ചു ഞാൻ ഗാനപ്രവാഹത്തിൻ ചുഴികളിൽ ഗന്ധർവ്വമോഹം നുരഞ്ഞുപൊന്തുന്നു. (ശാപം പുരണ്ടോരീയശ്രുമുഖം സൂതപുത്രന്‍ ഞാന്‍ കാഴ്ചവയ്ക്കുന്നു ഞാണുമറന്നയെനിക്കു വീണ്ടും മൃതിനീലം നിറച്ചയസ്ത്രദാനം.) നീ വന്നൂ നിലാവിന്‍റെ കാലൊച്ചയില്‍ നിന്നും നീറിപ്പുണരും നിഴലുകളായ് ഭ്രാന്തിന്‍റെ ഭാരം ചുമക്കും തലച്ചോറി- ലാളിപ്പടരും കാട്ടുതീ പോല്‍. പാതകത്തിന്‍റെ പാതയോരങ്ങളില്‍ ഫണം ചീറ്റിയാടുന്നയീ ചിന്തകള്‍ നോക്കുകുത്തിയായ് നിറുത്തുന്നു നിനക്കെന്‍റെ- നോവിലുയര്‍ത്തുന്നു സ്മാരകം. ജാലകമിഴികളില്‍ താഴിടാം നിന്‍ ഛായയിലൂറി പുനര്‍ജ്ജനിക്കാം ചോലമരത്തിന്‍റെ കടയില്‍ നിന്നും കടും ചോര പോടിയുന്നുവോ ? സ്വസ്തി !