കാറ്റിന്‍റെ സംഗീതം

ഒരു മുളന്തണ്ടിലായ് വനരോദനം
മുഴുവനും ചാലിച്ചു പാടാമിനി
നിറയെ കരികൊണ്ടെഴുതിയ സ്വപ്നം
കരളില്‍ നിന്നിതാ പറന്നുയര്‍ന്നു.

ലിഖിതങ്ങളില്ലാത്ത ലീലാവിഹാരം
വിരഹലാസ്യലവണപ്രവാഹം
ക്ഷണികേ വെള്ളിച്ചിലമ്പുലയുംപോലെ
തവ ഗാന്ധര്‍വത്തിന്‍ മധു നിറക്കൂ.

കരിനീലജാലക മറയില്‍നിന്നും
ഘനമേഘനാദം മുഴങ്ങിടുന്നു
മരതകച്ചാറുമണക്കുമിന്ദ്രിയ-
ത്തൊടികളിലൂറ്റുനിറഞ്ഞിടുന്നു.

വിടചൊല്ലുവാനിനി വെറും മാത്രകള്‍
ഇലയില്‍ മഞ്ഞു കരയുന്ന രാത്രി
കരടായി വന്നവള്‍ കത്തി നില്‍ക്കുന്നു
ഉലയില്‍ വെന്തു വിയര്‍ക്കുന്നു രക്തം.

നുരയുന്നു രവപാനവാദ്യങ്ങളില്‍
തുകലുകളില്‍ നഖവിരലുകള്‍
സദയം സാന്ദ്രനിമിഷങ്ങളലിയും
നിലയങ്ങളില്‍ ലയനഗ്രഹണം.

ഒടുവിലീയോടക്കുഴലിന്‍റെ ലാവ-
യുരുകിപ്പടരും സിരാതടത്തില്‍
വിഫലം വിഷാദവിരുന്നൊരുക്കുന്നു
മധുരസംഗീതബധിരസ്വരം.

മധുരസംഗീതബധിരസ്വരം.

കുറിപ്പ്:- പുല്ലാങ്കുഴല്‍ മീട്ടിയ
ബധിര ഗായകനോട് കടപ്പാട്.

Comments

എനിക്ക് പിടികിട്ടിയില്ല....
കഷ്ടമായ്!!!
എന്തായാലും വായിച്ചതിന് നന്ദി!!!

Popular posts from this blog

കവിതയുടെ പ്രതികാരം

ദയാവധം

മുത്ത്‌