Posts

Showing posts from August, 2015

രാത്രി

Image
നക്ഷത്രങ്ങളുടെ രാജകുമാരാ
നീയെന്തിന് ഭൂമിയില്‍
മുജ്ജന്മശാപത്താല്‍
വന്നു

അസ്ത്രത്താല്‍ മുറിഞ്ഞ
കൃഷ്ണമണിയില്‍ നിന്ന്
രത്നരക്താഭമാം
കവിത

ശത്രുക്കള്‍ ചുറ്റും
എവിടെയെന്‍
അനശ്വര സത്രം

നക്ഷത്രനീല-
സ്വപ്നസാന്ദ്രമാം മിഴികളില്‍
പ്രണയസമുദ്രം നിറച്ച
കാമുകി

വീര്യം നിറച്ച
അമൃതാം
വിഷദ്രവം

നിറങ്ങള്‍
പ്രപഞ്ചമാകെപ്പടര്‍ന്നപോല്‍
തുളുമ്പും
ആകാശം

ഒമര്‍ഖയ്യാമിന്‍റെ
ജന്മനക്ഷത്രം

എന്നെ മാത്രം
സ്നേഹിച്ച
നര്‍ത്തകി

രാത്രി.


കുറിപ്പ്:
ഒരു ഗസല്‍ ലഹരിയില്‍ എഴുതിയത്.
ചിത്രങ്ങള്‍:-ഗൂഗിള്‍


പെണ്‍തണല്‍

Image
ഒരു കാലം
നീയായിരുന്നു
എന്‍റെ തണല്‍മരം.

നിന്‍റെ കൈഞരമ്പുകള്‍
ഇലകളിലെ പച്ചവരകള്‍ പോലെ.

നിന്‍റെ ശിഖരങ്ങളില്‍
പക്ഷികള്‍ പാടുമ്പോള്‍
എനിക്കുമേല്‍
പുഷ്പവൃഷ്ടി.

നട്ടുച്ചകളിലെ ആലസ്യങ്ങളില്‍
നീ പ്രാണവായുവിന്‍റെ
കൂടാരം.

സന്ധ്യകളില്‍ നിന്‍റെ നെറുകയില്‍
അസ്തമയസൂര്യന്‍
ഒരു പൊട്ടായ്...

ഒരു രാത്രി
യക്ഷിപ്പാലയായ് പൂത്ത്
നീ മുടിയഴിച്ചു നിന്നു.

രക്തം മുഴുവന്‍ വാര്‍ന്നുപോയ
സ്വപ്നത്തിന്‍റെ ഓര്‍മ്മയ്ക്ക്‌
എല്ലാ ഋതുക്കളിലും
നീയെരിഞ്ഞു.


ഇന്നും
ഈ ചൂണ്ടുവിരലിലെ
ചുണ്ണാമ്പുലാവക്കു പകരം
നിന്‍റെ പാലപ്പൂഗന്ധം.


ചിത്രങ്ങള്‍:- ഗൂഗിള്‍

ഏഴു ചുവട്

Image
ഏഴു
ചുവട്

ഇടത്തേ നെഞ്ചിന്‍റെ മിടിപ്പില്‍
ഒരെട്ടടിവീരന്‍റെ ദംശനം*

രക്തത്തില്‍
നീലം

ദുര്‍മന്ത്രവാദത്തിന്‍റെ
ഒറ്റ്

അവധൂതന്‍റെ
പുലമ്പല്‍

കവിതക്കു മുന്‍പ്
മേഘത്തിന്‍റെ കറുത്ത പ്രാര്‍ത്ഥന

അസ്ഥികളുടെ
ഏകാന്തധ്യാനം

എട്ടാം വരവില്‍
എനിക്കു മരണം.


കുറിപ്പ്:-
എട്ടടിവീരന്‍*
ഉഗ്രവിഷമുള്ള ഒരിനം പാമ്പ്.
കടിച്ചാല്‍ എട്ടാം ചുവടില്‍
ചാകുമെന്നു പ്രമാണം.


ചിത്രങ്ങള്‍:- ഗൂഗിള്‍

അസുരഗീതം

Image
നിശ്ചലം ജലഛായാപടം കണ്ണുകൾ
ഗദ്ഗദഗാനം ചിലമ്പുന്ന ചുണ്ടുകൾ
അസ്തപ്രജ്ഞയിൽ ജ്വലിക്കും തിരുവുടൽ
അർദ്ധനഗ്നയാണു നീ അസുരപുത്രി.

മുരുക്കിന്‍പൂവിതള്‍ നിന്‍ മുക്കുത്തി
പരുത്തിപ്പട്ടിത് പുടവത്തുണി
കവുങ്ങിന്‍പൂക്കുലത്തിറ മണക്കുന്നു
കറുത്തകവി ഞാന്‍ കരുത്തു നല്‍കുന്നു.

കലമാന്‍കൊമ്പിനാല്‍ കണ്ണിണ ചുംബിക്കാം
കഴുത്തില്‍ കരിനാഗത്താലി ചാര്‍ത്താം
ഉലയില്‍പ്പഴുക്കും സ്വര്‍ണ്ണത്തകിടു ഞാന്‍
ഉയിരുപെണ്ണിന് പകുത്തെടുക്കുന്നു.

ജടയിലുദിക്കുന്നൊരു ചന്ദ്രക്കല
ജലധാരയാകുന്നു നീ രജസ്വല
മിഴികളില്‍ കത്തുന്ന ചെരാതുകള്‍ നാം
നിഴലുകളായിനി പുനര്‍ജ്ജനിക്കും.

സിരകളില്‍ സ്നേഹബലിയാണു വീണ്ടും
ഹരിതപത്രത്തില്‍ രക്തം കുതിരുന്നു
തളികയില്‍ ദാഹപ്പൊലി നിറക്കുമ്പോള്‍
കുളിരില്‍ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്നു.

മകുടിയില്‍ നിന്നൊരു മഞ്ഞള്‍ക്കളം
കൃഷ്ണമണിയില്‍ നിന്നൊരു നീലഫണം
പകരൂ നീ പ്രേമം നഗ്നനിശീഥിനീ
മുടിയഴിച്ചെന്‍റെയീ മുന്നിലാടൂ.

പനിനീരുപാത്രം ശിരസ്സില്‍ കമഴ്ത്തൂ
നെറുകയില്‍ നീറും കളഭം വരക്കൂ
തുകല്‍വാദ്യങ്ങളില്‍ വിരലുണരുന്നു
മഴയായി ഞാനിതാ പെയ്തിറങ്ങുന്നു.

കലികാലത്തിന്‍റെ സ്മരണയില്‍ നിന്നും
ഘനമേഘമായിന്നും ഗന്ധര്‍വ്വഗീതം
ഇത് ഞാന്‍ കവി, സര്‍വ…