പ്രണയപൂര്‍വ്വം

പോയജന്മദുരന്തങ്ങളത്രയും
ദൂതുമായ്‌ മുട്ടിവിളിച്ചിടും സഖീ
ചോരതുപ്പിക്കിതക്കുമെന്‍ തന്ത്രിയില്‍
ജീവനാദമായ്‌ നീയുണരും വരെ.

തീപിടിച്ച തീര്‍ഥയാത്രയാണിത്‌
ദൂരമേറെത്താണ്ടിയൊടുക്കവേ
വീഥിതോറും വീണ ഞെരിഞ്ഞിലിന്‍
ദേവതല്പ്പത്തില്‍ പാദസ്പര്‍ശനം.

ബോധമുടയുന്നു ഗാനശാലയില്‍
മേഘരാഗപ്രവാഹസങ്കീര്‍ത്തനം
ശാഖയുലയുന്നു ഖേദരാത്രിതന്‍
ദീര്‍ഘനിശ്വാസമാം ദലമര്‍മ്മരം.

ഗ്രീഷ്മകാലത്തിന്‍ വിഷാദസീമയില്‍
ദാഹജലസ്മരണയെനിക്കു നീ
ചുവരിലെഴുതും നഗ്നപടത്തില്‍
പുരളാതെപോയ രതിയാണു നീ.

കാറ്റുവീശിച്ചിതറും തിരകളില്‍
ഒരാര്‍പ്പുവിളിയായ് മുഴങ്ങുന്നു ഞാന്‍
നീരൊഴുക്കിനുമപ്പുറം മാതള-
ദ്വീപിലിരിക്കുന്നു നീലിച്ചവള്‍ നീ.





Comments

നന്നായിട്ടുണ്ട്‌.ഇഷ്ടം!!!!
വളരെ നന്ദി സുധി.
ഞാനും ബ്ലോഗില്‍ താമസിച്ചു വന്ന ഒരുവനാണ്.
എങ്കിൽ ഇനി ബ്ലോഗിൽ തന്നെ താമസിച്ചോളൂ.... ഹ ഹ ഹാ...
കവിത ഇഷ്ടായി...
എത്ര കാലത്തേക്കെന്നറിയില്ല. താമസം തുടങ്ങിയിട്ടുണ്ട്...
നന്ദി കല്ലോലിനി!!!

Popular posts from this blog

കവിതയുടെ ഇടവഴി

ഈസ്റ്റര്‍

കവിതയുടെ പ്രതികാരം