തമ്പ്

തമ്പിത്,
തനിയെ തീവളയത്തി-
ലൊരമ്പതു വട്ടം ചാടി മരിക്കണം.
തമ്പ്രാന്‍ ചാട്ടവീശിയെണ്ണുമ്പോൾ
ചന്ദ്രിക പോലെ മഥിക്കുന്നു
തീമുഖം.

യൗവ്വനം,
യയാതീ നിനക്കിതാ നൽകുന്നു
പകരം ജന്മസംവത്സരങ്ങൾ തൻ
ജരയും ശാപവും.

പെണ്ണും പ്രണയവും
പണയമായേൽക്കുക
വാടക ചന്തയിലിന്നെന്നെ
വിലപേശണം.

കുമ്പസാരക്കൂട്ടിൽ നിൽക്കുമ്പോൾ
കൂട്ടരേ,
കല്ലെറിയുക, പിന്നെ
കൂകി വിളിക്കുക.

വയ്യിനി,
എവിടെയെൻ ചണ്ഡാലന്‍?
ചുടലച്ചന്ദനഗന്ധമുയിര്‍ക്കുന്നുവോ!

ചെന്നായ്ക്കളാലവനെത്തും
യമധര്‍മ്മന്‍,
ചെമന്നചുംബനം പോലെ ജ്വലിക്കുന്ന
കണ്ണുമായ്
കയ്യിലെ തലയോടില്‍ നിന്നും ശവങ്ങള്‍ തന്‍
കണ്ണീര്‍ജലം തരൂ
ഞാന്‍ നിന്‍റെ കാവല്‍ക്കാരന്‍.

നെഞ്ചിലെയവസാന കഞ്ചുകം വിറ്റവര്‍-
ക്കിന്നലെ മാംസവുംരക്തവും നല്‍കി ഞാന്‍
അങ്ങു ദൂരെയൊരനാഥപുത്രനെ
നഞ്ചു തീണ്ടിയ തേങ്ങൽ മുഴങ്ങിയോ!

കുറിപ്പ്: രാജ ഹരിച്ഛന്ദ്രനെ ഓര്‍ത്തെഴുതിയത്
              എന്നാല്‍ ഞാന്‍ ഹരിച്ഛന്ദ്രനല്ല.


Comments

ഹരിശ്ചന്ദ്ര വിലാപം ഹൃദയസ്പര്‍ശ്ശിയായി.... കവിതയെ ഇത്രഗൗരവപരമായി സമീപിക്കുന്നൊരാളെ..... അടുത്തകാലത്ത് കണ്ടിട്ടില്ല..... പുരാണങ്ങളും ഇതിഹാസങ്ങളും .... ഇഷ്ടമാണെല്ലേ..... സ്നേഹത്തോടെ ആശംസകൾ......
മനുഷ്യസ്പര്‍ശിയായ എന്തും ഇഷ്ടം വിനോദ്.
അഭിപ്രായങ്ങള്‍ക്ക് പെരുത്ത്‌ നന്ദി!!!
ഇക്കവിതയിഷ്ടായി.....
നന്ദി കല്ലോലിനി!!!

Popular posts from this blog

കവിതയുടെ പ്രതികാരം

മുത്ത്‌

ദയാവധം