ദയാവധം

                         1.
യാത്രചോദിച്ചു ഞാന്‍ നില്‍ക്കുമ്പോള്‍,സഖീ
മാത്രതോറും നീയരിച്ചിറങ്ങുന്നു
ചാട്ടവാറിനാല്‍ പൊള്ളുന്ന യൌവ്വനം
ചീട്ടുകൊട്ടാരമാകുന്നു ജീവിതം. 
ഈറ്റവെട്ടുവാനൊറ്റക്കു പോകുമ്പോള്‍
കൂറ്റനൊരൊറ്റയാൻ കാവൽനിൽക്കുന്നു
മാപ്പുചോദിപ്പൂ മറക്കുവാൻ മാത്രമായ്
ദ്വീപിലൊറ്റക്കു കണ്ടുമുട്ടിയോർ നാം.
പ്രേതവാക്കുകളുരച്ചു കത്തിക്കുക
ശാപദൂതിന്‍റെ വില്ലുകുലക്കുക
വീണ്ടും വിഷംമോന്തി വിയര്‍ക്കുന്നൊരെന്‍
നീലസ്വപ്നങ്ങള്‍ക്കു തീ കൊളുത്തുക.

ചാരത്തില്‍ നിന്നുയിര്‍ക്കും ഫിനിക്സ്-
                   പക്ഷി ഞാന്‍
ദൂരെയെന്‍ ചിറകടി കേള്‍ക്കാം നിനക്കിനി.
                         2.
അസ്ഥിയില്‍ നിന്നൊരായുധം നിനക്കിതാ
അഗ്നിയില്‍ നീറ്റുന്നു സ്വീകരിക്കൂ
നീയറിയുവാന്‍ കാമിനീയിന്നും
ജീവരക്തമീത്താളില്‍പ്പടര്‍ത്തുന്നു.
കണ്ണീരിനാല്‍ കഴുകിയ കവിത
കണ്ഠമിടറിച്ചൊല്ലുന്നു പെണ്ണിന്
ചില്ലുപാത്രം ചുണ്ടില്‍ത്തൊടും മുന്‍പ്
തല്ലിത്തകര്‍ന്നു താഴെ വീണു.

എന്‍റെ സിരകളില്‍ പൂക്കുന്നു വീണ്ടും
നിന്‍റെ ദാഹത്തിന്നഞ്ചിന്ദ്രിയങ്ങള്‍.
                         3.
ഒന്നുമാത്രമെന്നന്ത്യാഭിലാഷം, നോക്കൂ
കണ്‍കളില്‍ മിന്നിത്തെളിയും ദയാവധം
നഞ്ചു നീട്ടിയ കൈകളാലെന്‍റെയീ
നെഞ്ചില്‍ നിന്നുനീയമ്പുപറിക്കുക.
എന്തുമാത്രം വേദന തിന്നു ഞാന്‍
വെന്തുനീറിപ്പുകയുന്നു ഹൃത്തടം.

മിണ്ടുവാനിനിയെന്തുള്ളൂ ഹാ! സഖീ
മഞ്ഞുവീഴുംമുൻപു ഞാനിറങ്ങുന്നു.


Comments

സജീവ് ..... കവിതക്കു രാകി മിനുക്കിയ വാളിന്‍റെ മൂറ്റച്ചയുണ്ട്
ഒന്നുമാത്രമെന്നന്ത്യാഭിലാഷം, നോക്കൂ
കണ്‍കളില്‍ മിന്നിത്തെളിയും ദയാവധം
നഞ്ചു നീട്ടിയ കൈകളാലെന്‍റെയീ
നെഞ്ചില്‍ നിന്നുനീയമ്പുപറിക്കുക.
എന്തുമാത്രം വേദന തിന്നു ഞാന്‍
വെന്തുനീറിപ്പുകയുന്നു ഹൃത്തടം.
നല്ല രചന ....... ആശംസകൾ......
കവിത നന്നായിട്ടുണ്ട്!

Popular posts from this blog

കവിതയുടെ പ്രതികാരം

മുത്ത്‌