രണ്ടാംപിറ

വാക്കുകളരിഞ്ഞു ഞാന്‍ വീഴ്ത്തുമ്പോള്‍
വാളിന്‍റെ വായ്ത്തലയിലെന്‍റെ രക്തം.
കാലമേ,
പ്രേമത്തിന്‍ പെരുമ്പറകൊട്ടിയീ
പ്രേതാലയത്തിന്‍റെ മുന്നില്‍ നില്‍ക്കും ഞാന്‍.

യാമിനീ
യൗവ്വനതൃഷ്ണയലിന്നലെ, നിൻ
നീലനിറം കുടിച്ചുവറ്റിച്ചു ഞാൻ
ഗാനപ്രവാഹത്തിൻ ചുഴികളിൽ
ഗന്ധർവ്വമോഹം നുരഞ്ഞുപൊന്തുന്നു.
(ശാപം പുരണ്ടോരീയശ്രുമുഖം
സൂതപുത്രന്‍ ഞാന്‍ കാഴ്ചവയ്ക്കുന്നു
ഞാണുമറന്നയെനിക്കു വീണ്ടും
മൃതിനീലം നിറച്ചയസ്ത്രദാനം.)

നീ വന്നൂ
നിലാവിന്‍റെ കാലൊച്ചയില്‍ നിന്നും
നീറിപ്പുണരും നിഴലുകളായ്
ഭ്രാന്തിന്‍റെ ഭാരം ചുമക്കും തലച്ചോറി-
ലാളിപ്പടരും കാട്ടുതീ പോല്‍.
പാതകത്തിന്‍റെ പാതയോരങ്ങളില്‍
ഫണം ചീറ്റിയാടുന്നയീ ചിന്തകള്‍
നോക്കുകുത്തിയായ് നിറുത്തുന്നു
നിനക്കെന്‍റെ-
നോവിലുയര്‍ത്തുന്നു സ്മാരകം.

ജാലകമിഴികളില്‍ താഴിടാം
നിന്‍ ഛായയിലൂറി പുനര്‍ജ്ജനിക്കാം
ചോലമരത്തിന്‍റെ കടയില്‍ നിന്നും
കടും ചോര പോടിയുന്നുവോ ?
സ്വസ്തി !

Comments

(ശാപം പുരണ്ടോരീയശ്രുമുഖം
സൂതപുത്രന്‍ ഞാന്‍ കാഴ്ചവയ്ക്കുന്നു
ഞാണുമറന്നയെനിക്കു വീണ്ടും
മൃതിനീലം നിറച്ചയസ്ത്രദാനം.)
മൂര്‍ച്ചയുള്ള വാക്കുകള്‍.... നല്ല രചന..... ആശംസകൾ.......

Popular posts from this blog

കവിതയുടെ പ്രതികാരം

കവിതയുടെ ഇടവഴി

ഈസ്റ്റര്‍