അസുരഗീതം

നിശ്ചലം ജലഛായാപടം കണ്ണുകൾ
ഗദ്ഗദഗാനം ചിലമ്പുന്ന ചുണ്ടുകൾ
അസ്തപ്രജ്ഞയിൽ ജ്വലിക്കും തിരുവുടൽ
അർദ്ധനഗ്നയാണു നീ അസുരപുത്രി.

മുരുക്കിന്‍പൂവിതള്‍ നിന്‍ മുക്കുത്തി
പരുത്തിപ്പട്ടിത് പുടവത്തുണി
കവുങ്ങിന്‍പൂക്കുലത്തിറ മണക്കുന്നു
കറുത്തകവി ഞാന്‍ കരുത്തു നല്‍കുന്നു.

കലമാന്‍കൊമ്പിനാല്‍ കണ്ണിണ ചുംബിക്കാം
കഴുത്തില്‍ കരിനാഗത്താലി ചാര്‍ത്താം
ഉലയില്‍പ്പഴുക്കും സ്വര്‍ണ്ണത്തകിടു ഞാന്‍
ഉയിരുപെണ്ണിന് പകുത്തെടുക്കുന്നു.

ജടയിലുദിക്കുന്നൊരു ചന്ദ്രക്കല
ജലധാരയാകുന്നു നീ രജസ്വല
മിഴികളില്‍ കത്തുന്ന ചെരാതുകള്‍ നാം
നിഴലുകളായിനി പുനര്‍ജ്ജനിക്കും.

സിരകളില്‍ സ്നേഹബലിയാണു വീണ്ടും
ഹരിതപത്രത്തില്‍ രക്തം കുതിരുന്നു
തളികയില്‍ ദാഹപ്പൊലി നിറക്കുമ്പോള്‍
കുളിരില്‍ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്നു.

മകുടിയില്‍ നിന്നൊരു മഞ്ഞള്‍ക്കളം
കൃഷ്ണമണിയില്‍ നിന്നൊരു നീലഫണം
പകരൂ നീ പ്രേമം നഗ്നനിശീഥിനീ
മുടിയഴിച്ചെന്‍റെയീ മുന്നിലാടൂ.

പനിനീരുപാത്രം ശിരസ്സില്‍ കമഴ്ത്തൂ
നെറുകയില്‍ നീറും കളഭം വരക്കൂ
തുകല്‍വാദ്യങ്ങളില്‍ വിരലുണരുന്നു
മഴയായി ഞാനിതാ പെയ്തിറങ്ങുന്നു.

കലികാലത്തിന്‍റെ സ്മരണയില്‍ നിന്നും
ഘനമേഘമായിന്നും ഗന്ധര്‍വ്വഗീതം
ഇത് ഞാന്‍ കവി, സര്‍വേന്ദ്രിയങ്ങളില്‍
രുധിരവസന്തം പൂത്തുലയുന്നു.

വ്രതദാനത്തിന്‍റെ വിരല്‍മുറിച്ചു നിന്‍
ഹൃദയത്തില്‍ ഞാനെഴുതുന്നു വാക്കുകള്‍
ജലപാനത്തിന്നു സമയമായ്, പെണ്ണേ
ഹരിതജലം തരൂ കുരവയിടൂ.

ചിത്രങ്ങള്‍:- ഗൂഗിള്‍

Comments

കവിതയെ ഗൗരവത്തോടെ സമീപിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ആശംസകൾ. ഇനിയും വരാം :)
കവിത വായിച്ചതിനും അഭിപ്രായം ഇട്ടതിനും സെറ്റില്‍ ചേര്‍ന്നതിനും വളരെ നന്ദി!!!
പെട്ടെന്ന് കണ്ട പേരില്‍ തോന്നിയൊരു കൗതുകം ..... നല്ല വരികള്‍ .... അസ്ഥിത്വമുള്ള രചന ..... ഗൗരവപരമായ സമീപനം..... തീര്‍ച്ചയായും കവിക്ക് ആഹ്ളാദിക്കാം ....
ആശംസകൾ.......
നന്ദി വിനോദ്!!! വിലയേറിയ അഭിപ്രായത്തിന്.
കാവിലെ ആണ്ടുത്സവകാലത്ത് എഴുതിയതാണ്.
Bipin said…
കവിത എഴുതേണ്ട രീതിയിൽ എഴുതാനുള്ള ശ്രമവും ഗൌരവപരമായ സമീപനവും. പക്ഷെ പലയിടങ്ങളിലും അർത്ഥവും സന്ദർഭവും യോജിച്ചു പോകുന്നോ എന്ന് സംശയം. ജലശ്ചായ പടം,കലമാൻ കൊമ്പ്,രജസ്വല തുടങ്ങിയവ പലതും അനുയോജ്യമായില്ല എന്നു തോന്നുന്നു. തുടക്കത്തിൽ ഒരു ദേവീ വിഗ്രഹത്തോട്‌ പറയുന്നത് പോലെ തോന്നി. അവസാനം നേരിട്ട് പ്രേമവും നീല ഫണവും വന്നപ്പോൾ സംഭവം മാറി.

കവിത കൊള്ളാം.
മുന്‍വിധിയില്ലാതെ കവിതയെക്കുറിച്ചുള്ള ഈ അഭിപ്രായം
ഞാന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു!!!
വരും എഴുത്തുകളില്‍ ശ്രദ്ധിക്കാം.
സാറിന്‍റെ പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വളരെയധികം സമകാലീന പ്രസക്തിയുള്ള
വിഷയങ്ങളാണ് എഴുതുന്നതെന്ന് എനിക്ക് തോന്നാറുണ്ട്
വളരെയധികം നന്ദി !!!
മാധവൻ said…
സജീവാ മായാതെ നില്ക്കട്ടെ ,,എഴുതുന്നതൊക്കെയും !!
മായില്ല...മായില്ല...വഴിമരമേ !!!
വഴിമരമേ നന്ദി!!!

Popular posts from this blog

കവിതയുടെ ഇടവഴി

ഈസ്റ്റര്‍

കവിതയുടെ പ്രതികാരം