പെണ്‍തണല്‍

ഒരു കാലം
നീയായിരുന്നു
എന്‍റെ തണല്‍മരം.

നിന്‍റെ കൈഞരമ്പുകള്‍
ഇലകളിലെ പച്ചവരകള്‍ പോലെ.

നിന്‍റെ ശിഖരങ്ങളില്‍
പക്ഷികള്‍ പാടുമ്പോള്‍
എനിക്കുമേല്‍
പുഷ്പവൃഷ്ടി.

നട്ടുച്ചകളിലെ ആലസ്യങ്ങളില്‍
നീ പ്രാണവായുവിന്‍റെ
കൂടാരം.

സന്ധ്യകളില്‍ നിന്‍റെ നെറുകയില്‍
അസ്തമയസൂര്യന്‍
ഒരു പൊട്ടായ്...

ഒരു രാത്രി
യക്ഷിപ്പാലയായ് പൂത്ത്
നീ മുടിയഴിച്ചു നിന്നു.

രക്തം മുഴുവന്‍ വാര്‍ന്നുപോയ
സ്വപ്നത്തിന്‍റെ ഓര്‍മ്മയ്ക്ക്‌
എല്ലാ ഋതുക്കളിലും
നീയെരിഞ്ഞു.


ഇന്നും
ഈ ചൂണ്ടുവിരലിലെ
ചുണ്ണാമ്പുലാവക്കു പകരം
നിന്‍റെ പാലപ്പൂഗന്ധം.


ചിത്രങ്ങള്‍:- ഗൂഗിള്‍ 

Comments

പെണ്ണെന്ന തണൽ മരം.....

എല്ലാ തണൽമരങ്ങൾ പോലെ
പുരുഷൻ ഈ മരത്തേയും വെട്ടിയും
ചൂഷണം ചെയ്തും രസിക്കുന്നു....

എന്നിട്ടും പെണ്ണെന്ന തണൽ മരം

മറ്റു തണൽമരങ്ങളെപ്പോലെ
പുരുഷനു തണൽ നൽകി
ക്കൊണ്ടേ ഇരിക്കുന്നു......

സന്തോഷം!!!
ബ്ലോഗില്‍ വന്നതിനും നല്ലമൊഴിക്കും!!!!!
This comment has been removed by the author.
ഒരു കാലം നീയായിരുന്നു എന്ന് പറഞ്ഞതെന്താണു???.
സുധീ ചോദ്യംകൊള്ളാം!!!
ഒരു കാലം എന്നു പറഞ്ഞത് മരത്തെക്കുറിച്ചാണ്.മനുഷ്യന്‍ അത് വെട്ടി നശിപ്പിക്കുന്നു.
ഇപ്പോള്‍ അതുണ്ടോ???
എന്നാല്‍ പെണ്‍തണലിന് ഒരു കുറവുമില്ല.ഭാഗ്യത്തിന് അതുണ്ട് ചങ്ങാതീ...
Bipin said…
നല്ല കവിത. ആ തണൽ മരവും അത് യക്ഷിപ്പാല ആകുന്നതും നന്നായി. പക്ഷികളാണോ പുഷ്പവൃഷ്ട്ടി നടത്തിയത്? (പക്ഷികൾ സാധാരണയായി........)
ഭാവന നന്നായി. കവിതയും.
വളരെ നന്ദി!
ശിഖരങ്ങളില്‍ പക്ഷികള്‍ പാടുമ്പോള്‍ വൃക്ഷം പുഷ്പവൃഷ്ടി നടത്തിയതാണ്...
സാറിന്‍റെ പോസ്റ്റുകള്‍ ശ്രദ്ധിക്കാറുണ്ട്. സമകാലീനസംഭവങ്ങളിലെ ശ്രദ്ധ എല്ലാപേര്‍ക്കും
കഴിയുന്നതല്ല എന്നു തോന്നിയിട്ടുണ്ട്.

Popular posts from this blog

കവിതയുടെ പ്രതികാരം

മുത്ത്‌

ദയാവധം