മുത്ത്‌

പേടമാനിന്‍റെ ഇറച്ചിക്ക്
പ്രണയത്തിന്‍റെ രുചി

മേഘത്തിന്‍റെ നിറമായിരുന്നു
നിനക്ക്

ഭൂമിയിലെ
ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ
എന്‍റെ സ്വപ്നം

ഓരോ ശരത്തുമ്പിലും
ഇറ്റുവീഴുന്ന
മേഘരക്തം

നിന്‍റെ നക്ഷത്രക്കണ്ണുകള്‍
എനിക്കുന്നം

നഷ്ടബോധത്തിന്‍റെ
നിലാവില്‍ നിന്ന്
മൃതിയുടെ
താഴ്വാരങ്ങളിലേക്ക്
ഇറങ്ങിവന്നവന്‍ ഞാന്‍

കാടിന്‍റെ നിലവിളി
എനിക്കു ഹരം

വേടന്‍റെ വിശപ്പിന്
മാനിന്‍റെ വേഗത

എല്ലാ ഋതുക്കളും
നീയായിരുന്നു

വരുംകാലത്തിന്‍റെ വിരഹവും
സമുദ്രത്തിന്‍റെ വിഹ്വലതയും
നീയായിരുന്നു

പാലപ്പൂവിന്‍റെ മണവും
പര്‍ദ്ദയുടെ സുതാര്യതയും
നീയായിരുന്നു

കവിത
യക്ഷിയുടെ രൂപമായ്‌
നിന്നില്‍ വസിച്ചു

ആയിരം മാനിനെ
വേട്ടയാടിയപ്പോഴും
അതിലേറ്റം സ്വാദ്
നിനക്കായിരുന്നു

ദാഹത്തിന്‍റെ ചോരക്ക്
വാക്കിനാല്‍ പ്രായശ്ചിത്തം

നീയെന്‍റെ മുജ്ജന്മത്തിലെ
മുത്ത്‌.


ചിത്രങ്ങള്‍:ഗൂഗിള്‍

Comments

This comment has been removed by a blog administrator.
This comment has been removed by the author.
Bipin said…
ഭാവന കാട് കയറി. പേടമാനിന്റെ കണ്ണിലെ ദൈന്യതയും നിസ്സഹായതയും കണ്ടില്ലെന്ന് നടിച്ചു. വിരഹവും പ്രണയവും വിചിത്രമായ പ്രതിഭാസങ്ങൾ ആയി പെണ്ണിന്റെ ഉടലെന്ന മാസ്മരിതയിലെക്കുള്ള വഴികൾ മാത്രമായി.. കിനിഞ്ഞു വീഴുന്ന ചുവന്ന തുള്ളികൾ കാടിനെയാകെ രക്താഭമാക്കി.
Pradeep Kumar said…
പച്ചയായ ജീവിതസത്യങ്ങളെ കറുത്ത ബിംബകൽപ്പനകൾ കൊണ്ട് അലങ്കരിക്കുന്ന ഭാവന ബ്ലോഗെഴുത്തിൽ കാണാനാവുന്നത് സന്തോഷകരം
കൂട്ടുകാരനായത്തിനും നല്ലെഴുത്തിനും നന്ദിയുണ്ട്!!!

Popular posts from this blog

കവിതയുടെ ഇടവഴി

ഈസ്റ്റര്‍

കവിതയുടെ പ്രതികാരം