പ്രളയമഴ

കൂര്‍ത്ത ചില്ലുകള്‍
നെഞ്ചിലാഴ്ത്തും പോല്‍
നിന്‍റെയാരവം

നീയിന്ന്
സംഗീതമല്ല

മണ്ണില്‍ മുടിയഴിച്ചിട്ട
ജലരക്ഷസ്സ്

നിനക്കായവര്‍
സ്തുതിച്ച ഗീതങ്ങള്‍
ഞാന്‍ തിരസ്ക്കരിക്കും

മലവെള്ളത്തിലൂടെ
ഒരു മകന്‍
ഒലിച്ചുപോകുന്നു

പുഴയൊഴുക്കില്‍
അവന്‍റെ കരച്ചില്‍ കേള്‍ക്കാം

ഋതുവില്‍ മറഞ്ഞ്
അദൃശ്യയായ് നീ
നഖങ്ങളാഴ്ത്തുന്നു

ലെന്‍സിന്‍റെ
ഇടനാഴിയില്‍ വച്ച്
എന്‍റെ ചിത്രം
മങ്ങിപ്പോകുന്നു

ഉരുള്‍പൊട്ടലില്‍ വീണ്
ചിതറിപ്പോയ
നി ല വി ളി

ധവളാഭമായ
ഒരു ഫണം
ഭൂമിയെ മൂടുന്നു

ഇത്
അതിവൃഷ്ടിയുടെ കാലം

അവന്‍റെ പേടകത്തില്‍*
പക്ഷികളും മൃഗങ്ങളുമില്ല

വംശഛേദം വരും
മനുഷ്യന്‍ മാത്രം.


കുറിപ്പ്:-
മഴയെ സ്തുതിപ്പവരേ
മഴ,
ഒരുനാള്‍
പ്രളയമായ് വരും.

*നോഹയുടെ പേടകം
ചിത്രങ്ങള്‍:- ഗൂഗിള്‍

Comments

Bipin said…
കവിത കൊള്ളാം. എന്തിനെ കുറിച്ചാണ് പറയുന്നത് ഏന് തുടക്കത്തിൽ (ഒടുക്കത്തിലും) മനസ്സിലാകുന്നില്ല. അതിനു തലക്കെട്ടും അടിക്കുറിപ്പും വേണ്ടി വന്നു.

Popular posts from this blog

കവിതയുടെ പ്രതികാരം

മുത്ത്‌

ദയാവധം