മിന്നുകെട്ടാത്തവള്‍

അസ്ഥിയിലിഴയുന്നു നാഗിനി
അവളെന്‍റെ-
രക്തസ്ഥലികളില്‍ ചുംബിച്ചു

പച്ചിലക്കയ്യുകള്‍ നീട്ടുന്നു
തരൂ നിന്‍റെ-
നക്ഷത്രക്കണ്ണിലെ നീരാവി

നിദ്രയില്‍ നീലക്കുറിഞ്ഞി ഞാന്‍ തേടുന്നു
ഒറ്റക്കുയിലിന്‍റെ പാട്ടു ഞാന്‍ കേള്‍ക്കുന്നു
മജ്ജയില്‍ മഷിത്തണ്ടുനിറച്ചുനിന്‍
മുജ്ജന്മദാഹം തീര്‍ക്കുവാനെത്തുന്നു

ഉത്സവച്ചീവിടെവിടെച്ചിലക്കുന്നു
പുസ്തകത്താളില്‍ മുത്തും മയില്‍‌പ്പീലി
ഉപ്പുമണക്കുന്ന കണ്ണുനീരായിരം
ചിപ്പിക്കുള്ളിലൊളിച്ചു വയ്ക്കുന്നു

കല്ലില്‍ച്ചാലിച്ച കാട്ടുവിഷം
വില്ലില്‍ കുലച്ചെയ്യുന്നു
ചില്ലുപൊട്ടിച്ചിരിക്കുമ്പോഴൊക്കെയും
പുല്ലാംകുഴലിന്‍റെ സംഗീതം

ചക്രവാളത്തിലെന്‍ ചാകരക്കണ്ണുകള്‍
മത്സ്യരാജ്യത്തിന്‍ കൊടിമരം കാണുന്നു
അര്‍ദ്ധരാത്രിയിലേതോ നിലാവിന്‍റെ
കച്ചയഴിച്ചിവന്‍ കെട്ടുന്നു

വാരിയെടുത്ത വളപ്പൊട്ടുകളില്‍ നിന്‍റെ
ചോരയിറ്റുന്ന കൈപ്പടം കാണുന്നു
കാലില്‍ ശലഭച്ചിലമ്പു കെട്ടിയ
നീലിയെന്നെ വിളിച്ചുയര്‍ത്തുന്നു

ഏറുമാടംകെട്ടിഞാനുറങ്ങുമ്പോള്‍
ഏതുപെണ്ണിന്‍റെ തേങ്ങല്‍ മുഴങ്ങുന്നു
ഏഴു മുളങ്കാടുകള്‍ മൂളട്ടെ
ഏകാന്തനാമെന്‍റെ സീല്‍ക്കാരം

മഞ്ഞുവീഴുന്ന മാറത്ത് മഴവില്ലിന്‍-
ചില്ലയിലൊരു കിളി പാടുന്നു

എന്നും ഞാന്‍ സമുദ്രജലശയ്യമേല്‍
മിന്നു കെട്ടാതെ നിന്നെ വേള്‍ക്കുന്നു.

ചിത്രങ്ങള്‍:ഗൂഗിള്‍

Comments

Bipin said…
വിത കൊള്ളാം. ചിലയിടത്ത് പരസ്പര ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞില്ല.

Popular posts from this blog

കവിതയുടെ പ്രതികാരം

കവിതയുടെ ഇടവഴി

ഈസ്റ്റര്‍