Posts

Showing posts from September, 2015

ഓര്‍മ്മ

Image
ഒരു ദിവസത്തെ ഒസ്യത്തെയുള്ളൂ ഓര്‍മ്മകള്‍ക്ക് അകാലത്തില്‍ മഴയില്‍ക്കുരുത്ത ഈയാംപാറ്റകളെപ്പോലെ നീ സാത്താന്‍റെ മാലാഖ അവന്‍റെ വിരലില്‍ നിന്ന് ഒരായിരം ചിറകുമായ് പറന്നുവന്നവള്‍ മുറികളില്‍ പ്രകാശത്തിന്‍റെ ശീതളഛായിൽ ചിറകുകളുടെ തൽപ്പമൊരുക്കി മരിച്ചുവീഴുന്നു നിനക്കെന്നും കന്നിമണ്ണിന്‍റെ ഗന്ധം ചിലപ്പോഴത് ഗന്ധകത്തിന്‍റെ തന്നെ മണമാകും പ്രഭാതത്തിൽ നിഷ്ഫലജന്മത്തിന് സമ്മാനമായ്‌ മുറിയാകെ  നിന്‍റെയുടലുകൾ എങ്കിലും, ഈ വേനലിലും- ഒറ്റനാളിന്‍റെ ഒസ്യത്തുമായ് നീ വരുമെന്ന്, സ്മൃതികൾ ഒടുങ്ങും വരെ- മണ്ണടരുകളില്‍ നിന്ന് വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കുമെന്ന്, ഞാന്‍ സ്വപ്നം കാണുന്നു. ചിത്രങ്ങള്‍: ഗൂഗിള്‍

മുത്ത്‌

Image
പേടമാനിന്‍റെ ഇറച്ചിക്ക് പ്രണയത്തിന്‍റെ രുചി മേഘത്തിന്‍റെ നിറമായിരുന്നു നിനക്ക് ഭൂമിയിലെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ എന്‍റെ സ്വപ്നം ഓരോ ശരത്തുമ്പിലും ഇറ്റുവീഴുന്ന മേഘരക്തം നിന്‍റെ നക്ഷത്രക്കണ്ണുകള്‍ എനിക്കുന്നം നഷ്ടബോധത്തിന്‍റെ നിലാവില്‍ നിന്ന് മൃതിയുടെ താഴ്വാരങ്ങളിലേക്ക് ഇറങ്ങിവന്നവന്‍ ഞാന്‍ കാടിന്‍റെ നിലവിളി എനിക്കു ഹരം വേടന്‍റെ വിശപ്പിന് മാനിന്‍റെ വേഗത എല്ലാ ഋതുക്കളും നീയായിരുന്നു വരുംകാലത്തിന്‍റെ വിരഹവും സമുദ്രത്തിന്‍റെ വിഹ്വലതയും നീയായിരുന്നു പാലപ്പൂവിന്‍റെ മണവും പര്‍ദ്ദയുടെ സുതാര്യതയും നീയായിരുന്നു കവിത യക്ഷിയുടെ രൂപമായ്‌ നിന്നില്‍ വസിച്ചു ആയിരം മാനിനെ വേട്ടയാടിയപ്പോഴും അതിലേറ്റം സ്വാദ് നിനക്കായിരുന്നു ദാഹത്തിന്‍റെ ചോരക്ക് വാക്കിനാല്‍ പ്രായശ്ചിത്തം നീയെന്‍റെ മുജ്ജന്മത്തിലെ മുത്ത്‌. ചിത്രങ്ങള്‍:ഗൂഗിള്‍

യക്ഷിക്ക്

Image
രക്തം ചര്‍ദ്ദിച്ച ഭൂമി രക്ഷസ് നിനക്കൊരു നക്ഷത്രരാത്രി തുപ്പലിന്‍ ചുവപ്പുതല്‍പ്പത്തില്‍ ചവിട്ടിയെത്തുക അസ്ഥിയില്‍പൂത്ത ചുണ്ണാമ്പെടുക്കുക നഗ്നം നാരായം ഒറ്റിന്‍റെ മന്ത്രം അറ്റ വിരലിനാല്‍ തെച്ചിപ്പൂവ് എത്ര കരുണം നിലാവില്‍ നിന്‍ ദ്രംഷ്ട്ര!     ശപ്തം സുന്ദരം മേഘവസ്ത്രം അര്‍ദ്ധരാത്രി! ആരുടെ നീലക്കൊലുസിന്‍റെ ശബ്ദം? യക്ഷീ ത്രിലോകസുന്ദരീ നീലീ നിശാചാരിണീ കണ്‍ഠത്തിൽ ഗാന- ചെന്തീക്കനൽ ഒറ്റ ചുംബനം നെറ്റിയിൽ ഒരിക്കലും പച്ചിരുമ്പിനാൽ പച്ചയെത്തൊടില്ല ഞാന്‍.